ശബരിമല :- കർക്കടകമാസ പൂജ പൂർത്തിയാക്കി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്ന് രാത്രി 10 മണിയോടെ അടയ്ക്കും. മൂന്നുദിവസമായി നടന്നുവരുന്ന ലക്ഷാർച്ചന രാവിലെ പത്തുമണിയോടെ പൂർത്തിയാകും. 11 മണിക്ക് തന്ത്രി കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ സഹസ്രം കലശാഭിഷേകം നടക്കും. വൈകീട്ട് പടിപൂജ ഉണ്ടാകും. രാത്രി പത്തിന് ഹരിവരാസനം പാടി നടയടയ്ക്കും.
ഞായറാഴ്ചയും വലിയ തിരക്ക് അനുഭവപ്പെട്ടു. കളഭാഭിഷേകവും സഹസ്രകലശപൂജയും നടന്നു. മാളികപ്പുറത്ത് മേൽശാന്തി വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭഗവതിസേവ ഉണ്ടായിരുന്നു. ഇനി നിറപുത്തിരിക്കായി ജൂലൈ 29-ന് വൈകുന്നേരം 5 മണിക്ക് നട തുറക്കും. 30-നാണ് നിറപുത്തിരി. ഈ ദിവസത്തെ ദർശനത്തിനും വെർച്വൽ ക്യൂ ബുക്ക് ചെയ്യണം.