മയ്യിൽ :- നൂതനാശയങ്ങൾ നടപ്പാക്കുന്ന സംസ്ഥാനത്തെ മികച്ച ലൈബ്രേറിയന് കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സ്‌റ്റാഫ് അസോസിയേഷൻ നൽകുന്ന ഐ വി ദാസ് സ്മാരക പുരസ്‌കാരം മയ്യിൽ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിലെ ലൈബ്രേറിയൻ എൻ അജിതക്ക് മുൻ എംപി കെ കെ രാഗേഷ് സമ്മാനിച്ചു.
സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിലാണ് പതിനായിരം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിച്ചത്. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ വിജയൻ ഐ വി ദാസ് അനുസ്‌മരണ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി ബിജു അധ്യക്ഷനായി. അസോസിയേഷൻ ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ അഭിനവ് ഫ്രാൻസിസ് (തൃശൂർ), നിലീന പ്രസാദ് (കണ്ണൂർ) എന്നിവരും ഏറ്റുവാങ്ങി.
സംസ്ഥാന ലൈബ്രറി കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി സിനി, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ഇ കെ അജിത് കുമാർ, അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡി ബിന്ദു, ലൈബ്രേറിയൻ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് യു കെ ശിവകുമാരി, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എം ഭരതൻ, സഫ്ദർ ഹാഷ്മി ലൈബ്രറി പ്രസിഡൻ്റ് കെ സി ശ്രീനിവാസൻ, സെക്രട്ടറി എം വി സുമേഷ്, എൻ അജിത എന്നിവർ സംസാരിച്ചു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കൂടാളി സ്വാഗതവും സെക്രട്ടറിയേറ്റ് അംഗം വി ടി രാജേഷ് നന്ദിയും പറഞ്ഞു.