നിമിഷ പ്രിയയ്ക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ ; മോചനത്തിനായുള്ള അനുനയ ചർച്ചകൾ തുടരും

 

ന്യൂഡൽഹി :- യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയക്ക് വധ ശിക്ഷ നൽകണ മെന്ന് കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തുതീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. 

ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തി. 

അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻ്റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. 

ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട് കോടതി ഉത്തരവിട്ടത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കുമെന്നും ഉത്തരവിൽ ഇല്ല. എന്നത്തേക്ക് മാറ്റിയെന്നും ഉത്തരവിൽ ഇല്ല. 

നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തുമെന്ന് വിഷയത്തിൽ ഇടപെട്ട കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തിൽ ചർച്ച നടക്കുന്നെന്നും കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ തീരുമാനമാകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.

Previous Post Next Post