കൊല്ലം :- കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ മൃതദേഹം സ്‌കൂളിൽ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോയി. മിഥുനെ അവസാനമായി കാണുന്നതിനായി സഹപാഠികളും നാട്ടുകാരുമുൾപ്പെടെ നിരവധിയാളുകളാണ് സ്‌കൂളിലേക്ക് ഒഴുകിയെത്തിയത്. ഉച്ചയ്ക്ക് ഒരു മണിക്ക്വ രെയാണ് സ്‌കൂളിൽ പൊതുദർശനം നടത്തിയത്.
വൈകുന്നേരം നാല് മണിക്കാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക. മിഥുന്റെ വീടായ പടിഞ്ഞാറെ കല്ലട വിളന്തറ മനുഭവനത്തിലാണ് സംസ്‌കാര ചടങ്ങുകൾ. വിദേശത്തായിരുന്ന മിഥുൻ്റെ അമ്മ സുജ എറണാകുളം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രാവിലെ ഒൻപത് മണിയോടെ എത്തിയിരുന്നു. തുർക്കിയിൽ നിന്നെത്തിയ സുജയെ ബന്ധുക്കൾ ചേർന്ന് വീട്ടിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ച രാവിലെയാണ് സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയ മിഥുൻ ഷോക്കേറ്റ് മരിച്ചത്. ക്ലാസിൽ ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരന്റെ ചെരുപ്പ് ഷെഡിനു മുകളിൽ തങ്ങി. ഇതെടുക്കാൻ ക്ലാസിൽനിന്ന് ബെഞ്ചും ഡെസ്‌കും ചേർത്തിട്ട് മിഥുൻ അതിൽ കയറി. മുകൾജനാലയുടെ തടികൊണ്ടുള്ള മറ ഇളക്കിമാറ്റി അതിലൂടെ തകരഷെഡിന് മുകളിലേക്കു കയറിയപ്പോഴാണ് മിഥുന് ഷോക്കേറ്റത്. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ് ലൈനിൽ പിടിച്ചതാണ് അപകടകാരണം. ബഹളംകേട്ട് ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ശാസ്‌താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
.