ന്യൂഡൽഹി :- ഈ അധ്യയന വർഷം മുതൽ 10, 12 ക്ലാസുകളിൽ 75% ഹാജരില്ലാത്തവരെ ബോർഡ് പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സിബിഎസ്ഇ അറിയിച്ചു. അടിയന്തര മെഡിക്കൽ ആവശ്യങ്ങളുള്ളവർക്കും ദേശീയ- രാജ്യാന്തര തലത്തിൽ കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന വർക്കും മറ്റു ഗുരുതര കാരണങ്ങളുള്ളവർക്കും 25% വരെ ഇളവ് ലഭിക്കും. ഈ സാഹചര്യങ്ങളിൽ ഖേകൾ സഹിതം സ്‌കൂളിൽ അപേക്ഷ നൽകണം. അനധികൃത അവധിയെടുക്കുന്ന വിദ്യാർഥികളെ 'നോൺ അറ്റൻഡിങ്' അല്ലെങ്കിൽ 'ഡമ്മി കാന്റിഡേറ്റായി' ഇനി പരിഗണിക്കും.
സ്‌കൂൾ അധികൃതർ കൃത്യമായ ഹാജർ രേഖകൾ സൂക്ഷിക്കണം, റജിസ്റ്റർ ദിവസേന പരിശോധിക്കുകയും ക്ലാസ് ടീച്ചറും സ്‌കൂൾ അധികൃതരും ഒപ്പുവയ്ക്കണമെന്നും സിബിഎസ്ഇ നിർദേശിക്കുന്നു. ഇവ ഉറപ്പാക്കാൻ സ്‌കൂളുകളിൽ മിന്നൽ പരിശോധനകളുണ്ടാകും. റജിസ്‌റ്റർ അപൂർണമെങ്കിൽ, അംഗീകാരം റദ്ദാക്കൽ ഉൾപ്പെടെ കടുത്ത നടപടി സ്‌കൂളുകൾക്കെതിരെ സ്വീകരിക്കും. തുടരെ അവധിയെടുക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളെ സ്ക്‌കൂളുകൾ കാര്യം അറിയിക്കണമെന്നും സിബിഎസ്ഇ നിർദേശിച്ചു.