'റെയിൽ മദദ് ' ; ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട് ഒരു വർഷം പരിഹരിച്ചത് 1.69 ലക്ഷം പരാതികൾ


കണ്ണൂർ :- തീവണ്ടി യാത്രയുമായി ബന്ധപ്പെട്ട് ഒരുവർഷം 'റെയിൽ മദദ്' പരിഹരിച്ചത് 1.69 ലക്ഷം പരാതികൾ. 2024-25 വർഷത്തെ ദക്ഷിണ റെയിൽവേയുടെ കണക്കാണിത്. എട്ടുമിനിറ്റിനുള്ളിൽ എല്ലാ പരാതികളിലും റെയിൽവേയുടെ ആദ്യ പ്രതികരണം യാത്രക്കാർക്ക് കിട്ടുകയും ചെയ്തു. തീവണ്ടിയാത്രയിൽ പരാതികൾ, അന്വേഷണം, സഹായം, നിർദേശം എന്നിവ അടിയന്തരമായി ലഭിക്കാനുള്ള റെയിൽവേയുടെ പരാതി പരിഹാര പ്ലാറ്റ്ഫോം ആണ് 'റെയിൽ മദദ്'. ഹെൽപ്പ് ലൈൻ സൗകര്യം 24 മണിക്കൂറും കിട്ടും.

റെയിൽ മദദ് പ്ലാറ്റ്ഫോമിൽ ഹെൽപ്പ് ലൈൻ 139, റെയിൽ മദദ് മൊബൈൽ ആപ്പ്, വെബ്സൈറ്റ്, എസ്എംഎസ് എന്നിവയുൾപ്പെടെ ഒന്നിലധികം പരാതി രജിസ്ട്രേഷൻ ചാനലുകൾ ഉണ്ട്. ദക്ഷിണ റെയിൽവേയിലെ 1.69 ലക്ഷം പരാതികളിൽ 58 ശതമാനത്തിലധികം റെയിൽ മദദ് ഹെൽപ്പ് ലൈൻ 139 വഴിയാണ് ലഭിച്ചത്. 20 ശതമാനം റെയിൽ മദദ് വെബ്സൈറ്റ് വഴിയും 19 ശതമാനം റെയിൽ മദദ് ആപ്പ് വഴിയുമാണ്. ബാക്കിയുള്ളവ എസ്എം എസ് ടു 139, ഇ-മെയിൽ തുടങ്ങിയ മാർഗങ്ങളിലൂടെയുമാണ് ലഭിച്ചത്.

തീവണ്ടിയിൽ ഫോൺ മോഷണം പോയാൽ റെയിൽ മദദ് ആപ്പിൽ അല്ലെങ്കിൽ 139-ൽ റിപ്പോർട്ട് ചെയ്യണം. അപ്പോൾ തന്നെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റിറ്റി രജിസ്റ്റർ (സിഇഐആർ) ആപ്പിലും രജിസ്റ്റർ ചെയ്യാൻ പറ്റും. തീവണ്ടി യാത്രക്കാരെ സഹായിക്കാൻ റെയിൽവേ കേന്ദ്ര ടെലികോം വകുപ്പുമായി കൈകോർക്കുന്ന പദ്ധതിയാണിത്.

Previous Post Next Post