കണ്ണൂർ:-കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ബെഞ്ച് തലശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിനാവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നതിനും ഓഫീസ് സംവിധാനം ഒരുക്കുന്നതിനും ധനവകുപ്പ് അംഗീകാരം നല്‍കി. നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ ചേംബറില്‍ വിളിച്ചുചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
അഡീഷണല്‍ ബെഞ്ചിന്റെ പ്രവര്‍ത്തനത്തിന് 22 റഗുലര്‍ തസ്തികകളും 4 താല്ക്കാലിക തസ്തികകളുമുള്‍പ്പെടെയാണ് 26 തസ്തികകള്‍ അനുവദിച്ചിട്ടുള്ളത്. റഗുലര്‍ തസ്തികകളില്‍ 14 തസ്തികകള്‍ പുതുതായി സൃഷ്ടിക്കുന്നതിനും 8 തസ്തികകള്‍ പുനര്‍വിന്യാസം മുഖേന നികത്തുന്നതിനുമാണ് തീരുമാനമെടുത്തിട്ടുള്ളത്.
ഓഫീസ് സംവിധാനത്തിനും സിവില്‍ ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ക്കുമായി 1.96 കോടി രൂപയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളത്. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് സിവില്‍ പ്രവൃത്തികള്‍ ആഗസ്റ്റ് രണ്ടാം വാരം ആരംഭിക്കുന്നതിനും സെപ്തംബര്‍ മാസത്തില്‍ ബെഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയുന്ന നിലയിലും മുന്നോട്ടുപോകണമെന്ന് സ്പീക്കര്‍ നിര്‍ദ്ദേശിച്ചു.
ധനകാര്യ എക്സ്പെന്റീച്ചര്‍ സെക്രട്ടറി കേശവേന്ദ്ര കുമാര്‍, ഐ.എ.എസ്, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ രജിസ്റ്റാര്‍ എസ്. വി. ഉണ്ണികൃഷ്ണന്‍ നായര്‍, ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി സിമി ഗോപിനാഥ്, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി ടി. മനോഹരന്‍ നായര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജ്ജുന്‍ എസ്. കെ. എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.