ദില്ലി :- രാജ്യ തലസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ചെങ്കോട്ടയിൽ നടന്ന മോക്ഡ്രിൽ പരാജയപ്പെട്ടു. ഡമ്മി ബോംബ് കണ്ടെത്താൻ കഴിയാതെ വന്നതോടെ ചെങ്കോട്ടയുടെ സുരക്ഷാ ചുമതലയിലുള്ള ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻ്റ് ചെയ്തു. അതേസമയം മോക് ഡ്രില്ലിനിടെ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സുരക്ഷാ വീഴ്ച ആരോപിച്ചാണ് നടപടി. ദില്ലി പൊലീസിൻ്റെ സ്പെഷൽ സെല്ലാണ് ശനിയാഴ്ച മോക് ഡ്രിൽ സംഘടിപ്പിച്ചത്. സ്വാതന്ത്ര്യ ദിനാഘോഷ പരപാടികളുടെ ഭാഗമായി നടന്ന പതിവ് മോക് ഡ്രില്ലായിരുന്നു ഇത്. ചെങ്കോട്ടയിലുണ്ടായിരുന്ന പൊലീസുകാർ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് നടപടി.
അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതിനാണ് 20 നും 25 നും ഇടയിൽ പ്രായമുള്ള അഞ്ച് ബംഗ്ലാദേശ് പൗരന്മാരെ അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ പ്രവേശനത്തിനുള്ള പാസുണ്ടായിരുന്നില്ല. മൂന്ന് നാലം മാസം മുൻപ് ഇന്ത്യയിലേക്ക് അനധികൃതമായി കടന്ന ഇവരുടെ പക്കൽ വീസയടക്കം രേഖകളുണ്ടായിരുന്നില്ല. എന്നാൽ ബംഗ്ലാദേശ് പൗരന്മാരെന്ന് തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയിട്ടുമുണ്ടെന്നാണ് ഡിസിപി രാജ ബന്ധിയ വ്യക്തമാക്കിയത്. ഇവരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തു. അഞ്ച് പേരെയും ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം.