മുംബൈ :- കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തുനിന്നുള്ള പാലുത്പന്ന കയറ്റുമതിയിൽ 80 ശതമാനം വർധന. 2024-25 ൽ ആകെ 49.29 കോടി ഡോളറിൻ്റെ പാലുത്പന്നങ്ങളാണ് കയറ്റി അയച്ചത്. ഭക്ഷ്യോത്പന്ന വിഭാഗത്തിൽ കൂടുതൽ വിദേശനാണ്യം കൊണ്ടുവന്നതും പാലുത്പന്നങ്ങളാണ്. ആകെ 1.13 ലക്ഷം ടൺ ഉത്പന്നങ്ങളാണ് 2023-'24-ൽ ഇന്ത്യയിൽ നിന്നു കയറ്റി അയച്ചതെന്നാണ് ഔദ്യോഗിക കണക്ക്. തൊട്ടുമുൻവർഷത്തെ അപേക്ഷിച്ച് 77.9 ശതമാനം അധികമാണിത്.
യുഎഇ, അമേരിക്ക, സൗദി അറേബ്യ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്ന് പാലുത്പന്നങ്ങൾ കയറിപ്പോകുന്നത്. 1998 മുതൽ പാലുത്പാദനത്തിൽ ലോകത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ആഗോള പാലുത്പാദനത്തിൽ 25 ശതമാനമാണ് ഇന്ത്യയുടെ വിഹിതം. പത്തുവർഷത്തിനിടെ പാലുത്പാദനത്തിൽ 63.56 ശതമാനം വളർച്ചയാണ് രാജ്യം സ്വന്തമാക്കിയത്. 2014-15 കാലത്ത് 14.63 കോടി ടൺ ആയിരുന്നു ഉത്പാദനം. 2023-24-ലിത് 23.92 കോടി ടണ്ണായി ഉയർന്നു. 5.7 ശതമാനമാണ് വാർഷിക വളർച്ച. ആഗോളതലത്തിൽ ശരാശരി പാലുത്പാദന വളർച്ച രണ്ടുശതമാനം മാത്രമാണെന്ന് ലോക്‌സഭയിൽ സമർപ്പിച്ച രേഖകൾ സൂചിപ്പിക്കുന്നു.