കണ്ണൂര്‍ :- കണ്ണൂര്‍ നഗരത്തിലെ പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം. ഔട്ട്ലെറ്റിൻ്റെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച നിലയിലാണ്. ക്യാഷ് കൗണ്ടറും കുത്തി തുറന്നിട്ടുണ്ട്. മോഷ്ടാക്കള്‍ സമീപത്തെ മൂന്ന് കടകളുടെ പൂട്ടുകളും തകര്‍ത്ത് അകത്ത് കടന്നു. മുഖം മറച്ചെത്തിയ രണ്ട് പേരാണ് ഔട്ട്‌ലെറ്റില്‍ കയറി മദ്യക്കുപ്പികള്‍ മോഷ്ടിച്ചതെന്നും ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് മോഷണം നടന്നതെന്നുമാണ് പൊലീസ് പറയുന്നത്.
മോഷണ വിവരം ഇന്ന് രാവിലെയാണ് നാട്ടുകാര്‍ അറിയുന്നത്. ഉടനെ പൊലിസില്‍ വിവരം അറിയിച്ചു. തുടർന്ന് പൊലിസ് ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. ബിവറേജസ് ഔട്ട്‌ലെറ്റിലെ കൗണ്ടറില്‍ നിന്നും പണവും ഷോറൂമില്‍ നിന്ന് മദ്യകുപ്പികളും നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരം. കണ്ണൂർ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.