പള്ളിപ്പറമ്പ് :- അപകടഭീഷണി ഉയർത്തി പള്ളിപ്പറമ്പ് ടൗണിലെ കെട്ടിട്ടം . സ്കൂൾ, മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡരികിലെ ഇരുനില കെട്ടിടമാണ് അപകടാവസ്ഥയിലായിരിക്കുന്നത്. ബസ് സ്റ്റോപ്പിന് സമീപമുള്ള പഴയ കെട്ടിടമാണ് ഇത്തരത്തിൽ അപകടാവസ്ഥയിലായിരിക്കുന്നത്. നിലവിൽ കെട്ടിടം ഉപയോഗശൂന്യമായി കിടക്കുകയാണ്.
പള്ളിപ്പറമ്പ് എൽ.പി സ്കൂളിന് തൊട്ടടുത്തായാണ് സ്വകാര്യ വ്യക്തിയുടെ ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടത്തിന്റെ അപകടം സാധ്യത ഉടമയെ അറിയിച്ചിരുന്നുവെങ്കിലും കെട്ടിടത്തിന്റെ ഓട് മാറ്റൽ പ്രവൃത്തി മാത്രമാണ് ചെയ്തത്. കെട്ടിടം നിലവിൽ ഇവിടെ സ്ഥിതി ചെയ്യുകയാണ് മഴക്കാലമായതോടെ കെട്ടിടം ദ്രവിച്ച് അപകടസാധ്യത ഏറുകയാണ്. കെട്ടിടത്തിന്റെ കോൺക്രീറ്റ് ഇളകിയ നിലയിലാണ് ഉള്ളത്.
മാസങ്ങൾക്ക് മുൻപ് ഇതുവഴി കടന്നു പോവുകയായിരുന്ന യാത്രക്കാരന്റെ മേൽ കെട്ടിടത്തിൽ നിന്നും കല്ല് ഇളകി വീണ് അപകടം ഉണ്ടായിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുന്നതിന് മുൻപ് അപകടസാധ്യതയിലുള്ള ഈ കെട്ടിടം എത്രയും പെട്ടെന്ന് പൊളിച്ചു മാറ്റാനുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.