കണ്ണൂർ :- വിദ്യാർഥികളുമായി ജില്ലാ കലക്ടർ സംവദിക്കുന്ന 'കലക്ടറോടൊപ്പം' പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഇനി മുതൽ എല്ലാ ബുധനാഴ്ചകളിലും ജില്ലയിലെ സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്‌കൂളുകളിലെ കുട്ടികൾക്ക് ചേംബറിലെത്തി കലക്ടറുമായി സംവദിക്കാം. പരിപാടിയുടെ ആദ്യ ദിവസം ചൊവ്വ ഹയർ സെക്കൻഡറി സ്‌കൂളിലെ തെരഞ്ഞെടുക്കപ്പെട്ട 32 വിദ്യാർഥികൾ ജില്ലാ കലക്ടർ അരുൺ കെ വിജയനുമായി സംവദിച്ചു. ഔദ്യോഗിക തിരക്കുകൾ മാറ്റിവെച്ച് കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കലക്ടർ മറുപടി നൽകി.
മഹാത്മാഗാന്ധിയുടെ ഒരു കഥയിലൂടെയാണ് കലക്ടർ സംസാരം ആരംഭിച്ചത്. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയങ്ങൾ വെട്ടിപ്പിടിക്കാൻ സാധിക്കുകയുള്ളൂ എന്ന് കലക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. ആദ്യം സ്വയം തിരിച്ചറിയണം. അർപ്പണ ബോധവും ആത്മവിശ്വാസവും ഉണ്ടെങ്കിൽ മാത്രമേ ജീവിത വിജയം നേടാനാവുകയൂള്ളൂ. സിവിൽ സർവീസ് നേടിയെടുക്കാൻ നടത്തിയ പ്രവർത്തനങ്ങൾ കലക്ടർ വിശദീകരിച്ചത് കുട്ടികൾ കൗതുകത്തോടെ കേട്ടു. തുടർന്ന് നാടിനാവശ്യമുള്ള വികസന പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് സൂചിപ്പിച്ച് വിദ്യാർഥികൾ കലക്ടർക്ക് കത്തുകളെഴുതി. കലക്ടർ ഇത് വായിച്ചശേഷം ആവശ്യമെങ്കിൽ തുടർനടപടി സ്വീകരിക്കും.
കലക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ അസിസ്റ്റന്റ് കലക്ടർ എഹ്തെദ മുഫസിർ കുട്ടികളുമായി സംവദിച്ചു. സമൂഹത്തിലെ വിവിധ പ്രശ്നങ്ങളുടെ പരിഹാരത്തിന് സമീപിക്കേണ്ട വകുപ്പുകളും വിഷയങ്ങൾ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന രീതിയും അസിസ്റ്റന്റ് കലക്ടർ വിശദീകരിച്ചു. തുടർന്ന് വിദ്യാർഥികൾക്ക് കേസ് സ്റ്റഡി നൽകി അവരുടെ പ്രതികരണങ്ങൾ വിലയിരുത്തി.