കൊച്ചി :- ഇന്ത്യൻ പൂക്കളോട് വിദേശികൾക്കുള്ള പ്രിയമേറുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തു നിന്ന് 749.17 കോടി രൂപയുടെ പൂക്കളാണ് കയറ്റുമതി ചെയ്തത്. 21,039.15 ടൺ പൂക്കളാണ് ഇത്തരത്തിൽ വിദേശ വിപണിയിലേക്ക് എത്തിയത്. 2023-24-ൽ 19,677.88 ടണ്ണായിരുന്നു കയറ്റുമതി. കയറ്റുമതി വരുമാനം 717.84 കോടി രൂപയും.
അലങ്കാരത്തിനും മതപരമായ ചടങ്ങുകൾക്കും മറ്റ് പരിപാടികൾക്കുമൊക്കെയാണ് ഇന്ത്യൻ പൂക്കളെ ആശ്രയിക്കുന്നത്. കൂടാതെ, നിറത്തിനും സൗന്ദര്യ വർധക വസ്തുക്കളിലും പ്രത്യേക ഓയിലുകളുടെ നിർമാണത്തിനും ഇവ ഉപയോഗിക്കുന്നുണ്ട്. റോസ, മുല്ലപ്പൂവ്, ഓർക്കിഡ്, ജമന്തി തുടങ്ങിയവയ്ക്കാണ് ആവശ്യക്കാർ ഏറെ. പൂക്കളിൽ കട്ട്, ഫ്രഷ്, ഡ്രൈ, റൂട്ട് കട്ട് തുടങ്ങി ചെടിയോടെയുള്ള പൂക്കൾ എന്നിങ്ങനെ പല വിഭാഗങ്ങളായാണ് കയറ്റുമതി.
യുഎസ്, നെതർലൻഡ്‌സ്, യുഎഇ, കാനഡ, യുകെ, ജർമനി തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യൻ പൂക്കൾ ഇറക്കുമതി ചെയ്യുന്നതിൽ മുന്നിലുള്ളത്. ഓണം അടുത്തതോടെ ഇത്തവണ വിദേശ വിപണികളിലേക്ക് ഓണപ്പൂക്കൾ കൂടുതൽ കയറ്റി അയക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികൾ. പലരും ഓർഡറുകൾ ഇതിനോടകം നേടിയിട്ടുണ്ട്. ഇതിൽ യുഎസിലേക്കുള്ള കയറ്റുമതി പിഴച്ചുങ്കം നിലവിൽ വന്നതോടെ ആശങ്കയിലാണ്. മറ്റ് വിപണി കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ. പ്രധാന ദിവസങ്ങളിലെല്ലാം ആവശ്യത്തിന് പൂക്കൾ എത്തിക്കുമെന്നും കയറ്റുമതിക്കാർ അറിയിച്ചു.