തലശ്ശേരി കടല്‍പാലം ആകാശനടപ്പാത നിര്‍മാണം ഒക്ടോബറില്‍ തുടങ്ങും


തലശ്ശേരി :- തലശ്ശേരിയുടെ ടൂറിസത്തിന് രാജ്യാന്തര നിലവാരവും മുഖവും നല്‍കുന്ന കടല്‍പ്പാലം എലിവേറ്റഡ് വാക് വേയുടെ നിര്‍മാണം ഒക്ടോബറില്‍ ആരംഭിക്കും. ടെണ്ടര്‍ നല്‍കുന്നതിന് മുന്നോടിയായി നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കടല്‍പ്പാലം സന്ദര്‍ശിച്ചു. തലശ്ശേരിയിലെ ടൂറിസം വികസന രംഗത്തെ വലിയൊരു ചുവടുവെപ്പാണ് കടല്‍പാലം എലിവേറ്റഡ് വാക് വേയെന്ന് സ്പീക്കര്‍ പറഞ്ഞു. നവകേരള സദസ്സില്‍ നിര്‍ദേശിക്കപ്പെട്ട തലശ്ശേരി സെന്റിനറി പാര്‍ക്ക് മുതല്‍ സീ വ്യൂ പാര്‍ക്ക് വരെയുള്ള സൗന്ദര്യവല്‍ക്കരണത്തിന് ഏഴ് കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ നിര്‍മ്മാണ നടപടികള്‍ ആരംഭിച്ചു. കിഫ്ബിയില്‍ നിന്ന് അനുവദിച്ച 31 കോടി രൂപ ചെലവഴിച്ചാണ് സ്വപ്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസാണ് പദ്ധതി കണ്‍സള്‍ട്ടന്റ. ഒരു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. പൂര്‍ണമായും സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഉപയോഗിച്ചാണ് നിര്‍മാണം. നൂറ് വര്‍ഷമെങ്കിലും പോറല്‍ ഏല്‍ക്കാതെ നില്‍കുന്ന മികച്ച സ്റ്റീലാണ് നിര്‍മാണത്തിന് ഉപയോഗിക്കുകയെന്ന് ജിഎസ്എല്‍ പ്രതിനിധികള്‍ പറഞ്ഞു.

സ്പീക്കറുടെ അധ്യക്ഷതയില്‍ നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എലിവേറ്റഡ് ഹൈവേയുടെ രൂപരേഖ അവതരിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുനറാണി ടീച്ചര്‍, വൈസ് ചെയര്‍മാന്‍ എം.വി ജയരാജന്‍, നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ സി സോമന്‍, കൗണ്‍സിലര്‍മാരായ സി.ഒ.ടി ഷെബീര്‍, എ.ടി ഫില്‍ഷാദ്, നഗരസഭ സെക്രട്ടറി സുരേഷ്‌കുമാര്‍, സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി അര്‍ജുന്‍ എസ് കുമാര്‍, ജെഎസ്എല്‍ പ്രതിനിധികളായ പ്രഭുചന്ദ്രന്‍, സുഭാഷ് ബാലസുബ്രഹ്മണ്യം, കെ ഐ ഐ ഡി സി ജനറല്‍ മാനേജര്‍ കെ.എസ് ശോഭ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ എന്‍.ടി ഗംഗാധരന്‍, ഷാഗിന്‍, ആര്‍ക്കിടെക്റ്റ് അശ്വിന്‍, പ്രൊജക്ട് എഞ്ചിനീയര്‍ അര്‍ച്ചന, പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ വൈശാഖ്, എഞ്ചിനീയര്‍ ഷജില്‍ എന്നിവര്‍ പങ്കെടുത്തു.

Previous Post Next Post