വാഹനങ്ങളുടെ ടയർ ഊരിത്തെറിച്ചുണ്ടാകുന്ന അപകടവും നഷ്ടപരിഹാരത്തിന് അർഹതയുള്ളതെന്ന് ഹൈക്കോടതി


കൊച്ചി :- വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചുണ്ടാകുന്ന അപകടവും ഡ്രൈവറുടെയും വാഹന ഉടമയുടെയും അശ്രദ്ധ കൊണ്ട് ഉണ്ടാകുന്നതാണെന്നും അപകടത്തിനിരയാകുന്നവർക്കു നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പൊലീസ് ജീപ്പിന്റെ ടയർ ഊരിത്തെറിച്ചുണ്ടായ അപകടത്തെ തുടർന്നു ഗുരുതരമായി പരുക്കേറ്റ തിരുവനന്തപുരം സ്വദേശിനി എൽ.രാജേശ്വരിക്കു 2.46 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച വാഹനാപകട നഷ്ടപരിഹാര ട്രൈബ്യൂണലിന്റെ ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ ഇക്കാര്യം വ്യക്തമാക്കിയത്. 2010 ഓഗസ്റ്റ് 28 ന് ഇടപ്പള്ളി ടോൾ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴാണു രാജേശ്വരിക്കു പരുക്കേറ്റത്. 

ടയർ ഊരിപ്പോയത് മെക്കാനിക്കൽ തകരാർ ആയിരുന്നുവെന്നും ഡ്രൈവറുടെയോ വാഹനയുടമയുടെയോ ഭാഗത്തു വീഴ്‌ചയില്ലെന്നുമായിരുന്നു അപ്പിലിൽ സംസ്ഥാന പൊലീസ് മേധാവിയുടെ വാദം. എന്നാൽ റോഡിലിറക്കുന്നതിനു മുൻപ് വാഹനം ഗതാഗതയോഗ്യമെന്ന് ഉറപ്പാക്കേ ണ്ട ബാധ്യത ഡ്രൈവർക്കും വാഹനയുടമയ്ക്കും ഉണ്ടെന്ന് കോടതി പറഞ്ഞു. അപകടത്തിനു ശേഷം വാഹനം പരിശോധിച്ച അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിൽ ടയറിൻറെ വീലിൽ നട്ടും ബോൾട്ടും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരം നൽകാതെ അപ്പിലുമായി സർക്കാർ ഹൈക്കോടതിയിൽ എത്തിയതിനെയും ഉത്തരവിൽ വിമർശിച്ചു. സർക്കാർ വാഹനങ്ങൾ മികച്ചനിലവാരത്തിൽ സൂക്ഷിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.

Previous Post Next Post