തലശ്ശേരിയിൽ കടകളുടെ പൂട്ടു പൊളിച്ച് മോഷണം


തലശ്ശേരി :- തലശ്ശേരി ലോഗൻസ് റോഡിൽ ആറ് കടകളുടെ പൂട്ടു പൊളിച്ച് മോഷണവും മോഷണശ്രമവും. മല്ലേഴ്‌സ് കോമ്പൗണ്ടിലുള്ള ഫാഷൻ സോൺ ഗൃഹോപകരണ സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ച് 2,51,900 രൂപ മോഷ്ടിച്ചതായാണ് പരാതി. മേശവലിപ്പിൽ സൂക്ഷിച്ച തുകയാണ് മോഷണം പോയതെന്ന് ഉടമ കെ.സി കാസിം തലശ്ശേരി പോലീസിൽ പരാതി നൽകി. ഞായറാഴ്ച രാത്രി ഒൻപതിനും തിങ്കളാഴ്ച രാവിലെ 8.30-നു മിടയിലാണ് സംഭവം. 

സ്ഥാപനത്തിൽ സിസിടിവി പ്രവർത്തിക്കുന്നില്ല. ഇതേ കെട്ടിടത്തിലുള്ള ബിസ് ഐടി കംപ്യൂട്ടർ ഷോപ്പിന്റെ പൂട്ടു തകർത്തു. തെർമൽ പ്രിന്ററിന്റെ റിബൺ പുറത്തിട്ടു. സീൻസ് ലേഡീസ് ടെയ്ലറിങ് കടയുടെ പൂട്ട് തകർത്തു. പേഴ്സിൽ സൂക്ഷിച്ച നോട്ടുകളെടുത്തു. ആഞ്ജനേയ ഡ്രൈവിങ് സ്കൂൾ, ബുക്ക് സ്റ്റാൾ, ന്യു ഇന്ത്യൻ ക്ലോത്ത് കട എന്നിവയുടെ പൂട്ട് തകർത്തു. പോലീസും വിരലടയാള വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചു. പണം മാത്രം ലക്ഷ്യമിട്ടാണ് മോഷണം നടത്തിയത്. കടകളിലുള്ള വില പിടിപ്പുള്ള സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല.

Previous Post Next Post