ഓണത്തിരക്കും ലഹരിക്കടത്തും നിയന്ത്രിക്കാൻ പോലീസും എക്സൈസും കൈകോർക്കുന്നു ; പ്രത്യേക പരിശോധന


കണ്ണൂർ :- ഓണത്തിരക്കും ലഹരിക്കടത്തും നിയന്ത്രിക്കാൻ ജില്ലയിൽ പോലീസും എക്സൈസും കൈകോർക്കും. ഓണത്തിരക്ക് നിയന്ത്രിക്കാൻ ജില്ലയിൽ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു. കണ്ണൂർ നഗരത്തിൽ മാത്രം 150 പോലീസുകാരെയാണ് വിന്യസിക്കുന്നത്. ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്പ്, തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ പ്രധാന നഗരപ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ പോലീസുകാരെത്തും. കൂടാതെ, പട്രോളിങ്ങും വാഹനപരിശോധനയും കർശനമാക്കും.

മുൻകാലങ്ങളിൽ കേസിൽ പ്രതിയായവരെ നിരീക്ഷിക്കും. പോലീസ്, എക്സൈസ്, റവന്യു, ആർടിഒ, ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ സംയുക്ത പരിശോധനയും ഡോഗ് സ്ക്വാഡ്, വിവിധ വകുപ്പുകൾ തമ്മിൽ പരസ്പരം വിവരങ്ങൾ കൈമാറിയുള്ള പരിശോധനയും ആരംഭിച്ചു. തീവണ്ടികളിലും നീരീക്ഷണം ശക്തമാക്കി. എല്ലാ നഗരങ്ങളിലും ഗതാഗതം നിയന്ത്രിക്കാൻ കൂടുതൽ പോലീസിനെ വിന്യസിക്കും. ജില്ലയിലെ പ്രധാന പച്ചക്കറി, മത്സ്യമാർക്കറ്റുകൾ, മാളുകൾ, വസ്ത്രവ്യാപാര കേന്ദ്രങ്ങൾ, ഓണവിപണികൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ഗതാഗതം സുഗമമാക്കാൻ പോലീസ് സാന്നിധ്യം ഉണ്ടാകും.

വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ടാകും. ഇടുങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന വഴിയോരകച്ചവടം അനുവദിക്കില്ല. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽ നിന്നും പൂക്കളും വസ്ത്രങ്ങളുമായി എത്തുന്ന വഴിയോര കച്ചവടസംഘങ്ങളെ നിയന്ത്രിക്കും. പ്രധാന റോഡിലും വഴിയരികിലുമിട്ട് കച്ചവടം ചെയ്യാൻ അനുവദിക്കില്ല. ഗതാഗതതടസ്സമുണ്ടാക്കുന്ന വിധത്തിലുള്ള കച്ചവടവും അനുവദിക്കില്ല. കണ്ണൂർ സ്റ്റേഡിയം കോർണ റോട് ചേർന്നുള്ള റോഡിൽ വാഹനഗതാഗതം നിരോധിക്കും. മദ്യവിൽപ്പന കേന്ദ്രങ്ങൾക്ക് മുന്നിൽ കൂട്ടംകൂടി സംഘർഷമുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും.

Previous Post Next Post