കുതിരവട്ടത്ത് ചികിത്സയിൽ കഴിയുന്ന സുഹൃത്തിന് ഭക്ഷണം നൽകാനെത്തിയ യുവാവിനെ എംഡിഎംഎയുമായി പിടികൂടി


കോഴിക്കോട് :- കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലുള്ള പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കിയ യുവാവ് പിടിയില്‍. കോഴിക്കോട് തിരുവമ്പാടി സ്വദേശി തടായില്‍ വീട്ടില്‍ മുഹമ്മദ് റാഫി(18)യെ ആണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയില്‍ കഴിയുന്ന പതിനാറുകാരന് എംഡിഎംഎ നല്‍കാനാണ് റാഫി എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാളില്‍ നിന്ന് .09 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം ഭക്ഷണം നല്‍കാനെന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിയത്. എന്നാല്‍ സുരക്ഷാ ജീവനക്കാരുടെ പരിശോധനയില്‍ ഇയാള്‍ കൊണ്ടുവന്ന കവറില്‍ സിറിഞ്ച് കണ്ടെത്തി. സംശയം തോന്നിയതോടെ സുരക്ഷാ ജീവനക്കാർ ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശമുണ്ടായിരുന്ന എംഡിഎംഎ പിടികൂടിയത്.

കോഴിക്കോട് ജില്ലയിലെ മുക്കം, തിരുവമ്പാടി, ഓമശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിലെ കോളേജുകള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് റാഫി ലഹരി വില്‍പന നടത്തിയിരുന്നതായി പൊലീസ് പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് എസ്‌ഐമാരായ അരുണ്‍, അമല്‍ ജോയ്, അനില്‍ കുമാര്‍, സിപിഒ സുരാഗ്, ഹോംഗാര്‍ഡ് ധനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.





Previous Post Next Post