വയനാട് :- താമരശ്ശേരി ചുരത്തിൽ വ്യൂപോയിന്റിന് സമീപം കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളും ഇടിഞ്ഞുവീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. അപകടാവസ്ഥ തുടരുന്നതിനാൽ ചുരം റോഡ് അടച്ച് ഗതാഗതം പൂർണമായി നിേരാധിച്ചു. ബുധനാഴ്ച പരിശോധന നടത്തി അപകടമില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ തുറന്നുകൊടുക്കുകയുള്ളൂ. ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് നാടിനെയൊന്നാകെ ആശങ്കയിലാക്കിയ അപകടമുണ്ടായത്.
വ്യൂ പോയിൻറിൽ റോഡിന് ഇടതുവശത്തെ പാറക്കെട്ടുകൾ നിറഞ്ഞ ഭാഗത്തുനിന്ന് കൂറ്റൻ പാറകളും മണ്ണും മരങ്ങളുമെല്ലാം ഇടിഞ്ഞ് ദേശീയപാതയിലേക്ക് പതിക്കുകയായിരുന്നു. വാഹനങ്ങൾ അതിനകത്ത് പെട്ടിട്ടുണ്ടെന്ന ആശങ്കപരന്നു. മീറ്ററുകളോളം ഉയരത്തിൽ വലിയതോതിൽ മണ്ണും പാറകളും മരങ്ങളും റോഡിലേക്ക് വന്നടിഞ്ഞതോടെ ചുരത്തിൽ ഇരുദിശകളിലേക്കും കാൽനടയാത്രപോലും സാധ്യമാകാത്തതരത്തിൽ ഗതാഗതം പൂർണമായി നിലച്ചു.
വാഹനങ്ങൾ കടന്നുപോവുന്ന സമയമായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് ദുരന്തം വഴിമാറിയത്. അപകടം നടന്നതിനുപിന്നാലെ കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്കുള്ള വാഹനങ്ങളും വയനാട്ടിൽനിന്ന് കോഴിക്കോട്ടേക്കുള്ള വാഹനങ്ങളും കുറ്റ്യാടി ചുരംവഴി തിരിച്ചുവിട്ടു. കെഎസ്ആർടിസി ബസുകളും കുറ്റ്യാടി ചുരം വഴി സർവീസ് നടത്തി. രണ്ടേമുക്കാൽ മണിക്കൂർനീണ്ട ശ്രമത്തിനുശേഷം ചൊവ്വാഴ്ച രാത്രി ഒൻപതേമുക്കാലോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണും കല്ലും നീക്കി വയനാട്ടിലേക്കുള്ള വാഹനങ്ങൾ കടത്തിവിട്ടു. 10 മണിയോടെ വയനാട് അതിർത്തിയിൽ കുടുങ്ങിക്കിടന്ന കോഴിക്കോട്ടേക്കുള്ള വാഹനങ്ങളും കടത്തിവിട്ടതിന് പിന്നാലെ ചുരം റോഡ് പൂർണമായി അടച്ചു. രാവിലെ ഏഴുമണിയോടെ മണ്ണ് പൂർണമായി നീക്കും.
വാഹനങ്ങൾ കുറ്റ്യാടി, നാടുകാണി ചുരം വഴി പോവാൻ വയനാട് കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ചുരംവഴിയുള്ള ഗതാഗതം നിർത്തിവെച്ചതായി കളക്ടർ അറിയിച്ചു. ബുധനാഴ്ച രാവിലെ പരിശോധന തുടങ്ങും. മുകളിൽ പാറക്കല്ല് അടർന്നുനിൽക്കുന്നുണ്ട്. മാത്രമല്ല, അപകടം നടന്നതറിഞ്ഞ് ആളുകൾ സ്ഥലത്തെത്തിയപ്പോൾതന്നെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. അതുകൊണ്ട് ഇതുവഴിയുള്ള യാത്ര ഒട്ടും സുരക്ഷിതമല്ല.
കുറച്ചുദിവസങ്ങളിലായി ഇവിടെ മഴയില്ല. ചെറിയ ചാറ്റൽമഴമാത്രമേ ഉണ്ടായിരുന്നുള്ളൂ. മണ്ണിടിച്ചിലുണ്ടായതിന് മുകളിലുള്ള ജലസ്രോതസ്സാണ് അപകടത്തിന് കാരണമെന്നാണ് സംശയിച്ചിരുന്നത്. പക്ഷേ, മണ്ണിടിച്ചിലുണ്ടായതിനുപിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വനത്തിലൂടെ മുകൾഭാഗത്തെത്തി നടത്തിയ പരിശോധനയിൽ ജലസ്രോതസ്സുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ബുധനാഴ്ചയേ ഇക്കാര്യത്തിൽ വ്യക്തതവരുകയുള്ളൂ. മുൻപ് ചുരത്തിൽ പാറക്കല്ലുവീണ് ഒരു ബൈക്ക് യാത്രക്കാരൻ മരിച്ചിരുന്നു. ഇതേത്തുടർന്ന് സുരക്ഷാ ഓഡിറ്റിങ് നടത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത്തരമൊരു നടപടിയില്ലാതെപോയതാണ് ഇങ്ങനെയൊരു അപകടമുണ്ടാക്കിയതെന്ന് ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.