കണ്ണൂർ :- ഓണാവധിക്ക് വിദ്യാർഥികൾക്ക് ഉൾപ്പെടെ നാട്ടിലേക്ക് വരാൻ ചെന്നൈയിൽ നിന്നും ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് പ്രത്യേക തീവണ്ടി അനുവദിച്ചു. ആഗസ്ത് 28 ന് രാത്രി 11.55 ന് ചെന്നൈയിൽ നിന്ന് (06009) വണ്ടി പുറപ്പെടും. ആഗസ്ത് 29 ന് ഉച്ചയ്ക്ക് രണ്ടിന് കണ്ണൂരിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ. 14 സ്ലീപ്പർ, മൂന്ന് ത്രീ ടയർ എസി, ഒരു സെക്കൻഡ് എസി ഉൾപ്പെടെ 20 കോച്ചുകളുണ്ടാകും.
കണ്ണൂരിൽ നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും പ്രത്യേക വണ്ടിയുണ്ടാകും. കണ്ണൂരിൽ നിന്ന് (06125) ആഗസ്ത് 29-ന് രാത്രി 9.30-ന് പുറപ്പെടും. തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്. ആഗസ്ത് 30-ന് രാവിലെ 11-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽ നിന്ന് (06126) ആഗസ്ത് 30-ന് രാത്രി 7 മണിക്ക് പുറപ്പെടും. ആഗസ്ത് 31-ന് രാവിലെ 7.15-ന് കണ്ണൂരിലെത്തും. 14 സ്ലീപ്പറടക്കം 20 കോച്ചുകളാണുള്ളത്.