ഏഴ് റൂട്ടുകളിൽ വന്ദേഭാരതിന്റെ കോച്ചുകൾ കൂട്ടും


ന്യൂഡൽഹി :- യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് രാജ്യത്തെ ഏഴുറൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കാനൊരുങ്ങി റെയിൽവേ. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എക്മോർ-തിരുനെൽവേലി, മധുര-ബെംഗളൂരു കൻ്റോൺമെന്റ്, ദേവ്ഘർ-വാരാണസി, ഹൗററൂർക്കേല, ഇന്ദോർ-നാഗ്‌പുർ എന്നീ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം കൂടുക.

ഇതിൽ നാലെണ്ണത്തിൽ എട്ടുകോച്ചുകളും മൂന്നെണ്ണത്തിൽ 16 കോച്ചുകളുമാണുള്ളത്. ഇവയിൽ 16 ഉള്ളവ 20 കോച്ചു കളായും എട്ടുള്ളവ 16 കോച്ചുകളുമായും ഉയർത്തുമെന്ന് റെയിൽവേ അറിയിച്ചു. മംഗളൂരു സെൻട്രൽ-തിരുവനന്തപുരം, സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്മോർ-തിരുനെൽവേലി വന്ദേഭാരത് ട്രെയിനുകളിലാണ് 20 കോച്ചുകളാവുക. 2025-26 സാമ്പത്തിക വർഷത്തെ യാത്രക്കാരുടെ എണ്ണം പരിഗണിച്ച് 16 കോച്ചുകളുള്ള മൂന്ന് ട്രെയിനുകൾ 20 കോച്ചാക്കാനും എട്ട് കോച്ചുള്ള നാല് ട്രെയിനുകൾ 16 കോച്ചാക്കാനും പദ്ധതിയുണ്ടെന്നും റെയിൽവേ അറിയിച്ചു.

Previous Post Next Post