ഗതാഗത കുരുക്ക്; പഴയങ്ങാടിയിൽ ഗതാഗത പരിഷ്കാരങ്ങൾ നടപ്പിലാക്കും

 


പഴയങ്ങാടി:-പഴയങ്ങാടി ടൗണിലെയും റെയിൽവേ അണ്ടർ പാസേജിലേയും മണിക്കൂറുകൾ നീളുന്ന ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന് ഗതാഗത പരിഷ്ക്കരണം നടപ്പാക്കാൻ എം വിജിൻ എം എൽ എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.പരിഷ്കരണത്തിന്റെ ആദ്യപടിയായി പഴയങ്ങാടി പാലം മുതൽ എരിപുരം സർക്കിൾ വരെ ഡിവൈഡറുകൾ സ്ഥാപിക്കും.  ഇത് പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചയ്ക്കകം  നടപ്പിലാക്കും. 

എരിപുരം സർക്കിൾ മുതൽ പഴയങ്ങാടി പാലം വരെ കെ എസ് ടി പി റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല. ഇവിടങ്ങളിൽ നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപ്പിക്കും. ബസുകൾ ബസ് സ്റ്റാന്റിൽ കയറുന്നതിനും ഇറങ്ങുന്നതിനുമുള്ള പ്രത്യേക സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിൽ നടപ്പിലാക്കും. ഇത് പ്രായോഗികമാണെന്ന് കണ്ടാൽ സ്ഥിര സംവിധാനം ഉണ്ടാക്കും.

ബസ് സ്റ്റാന്റിൽ നിന്നും യാത്രക്കാരെ കയറ്റിയതിന് ശേഷം മെയിൻ റോഡിലും നിർത്തുന്നത് അപകടവും ഗതാഗത തടസവും ഉണ്ടാക്കുന്നതിനാൽ ഇത് ഒഴിവാക്കാനും യോഗം തീരുമാനിച്ചു.വാഹനങ്ങൾ അതിരാവിലെ മുതൽ രാത്രിവരെ അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്നത് ഗതാഗത തടസം ഉണ്ടാക്കുന്നതിനാൽ വാഹന ഉടമകൾക്കെതിരെ പോലീസിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് പത്തു മുതൽ  നിയമ നടപടി സ്വീകരിക്കും.  പാർക്കിംഗ് സംബന്ധിച്ച് പോലീസ് പൊതുജനങ്ങളിൽ ബോധവത്ക്കരണം നടത്തും.

വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ 10 മിനുട്ട് വരെ സാധനങ്ങൾ വാങ്ങിക്കുന്നതിന് വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം ഉണ്ടാകും. അതിൽ കൂടുതൽ സമയം വേണ്ടവർ പഴയങ്ങാടിയിൽ നിലവിലുള്ള പേ പാർക്കിംഗ് സൗകര്യം ഉപയോഗിക്കണം.എം അർ എ ഹോട്ടലിലേക്ക് വരുന്ന വാഹനങ്ങൾ ഗതാഗതത്തിന് തടസം ഉണ്ടാക്കുന്നത് ഒഴിവാക്കുന്നതിന്  കെ എസ് ടി പി റോഡിൽ നിന്ന് പ്രവേശിച്ച് പെട്രോൾ പമ്പ് റോഡ് വഴി ഇറങ്ങുന്നതിന് നിർദേശം നൽകാനും തീരുമാനിച്ചു.

ഗതാഗതം നിയന്ത്രിക്കുന്നതിന് പഴയങ്ങാടി അണ്ടർ പാസേജിലും ടൗണിലും പോലീസിന്റെ സ്ഥിരം സംവിധാനം ഏർപ്പെടുത്തും. തിരക്കുള്ള സമയങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിൽ ലോഡ് ഇറക്കുന്നത്  ഒഴിവാക്കും. ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ പൊതുജനങ്ങളുടെയും വ്യാപാരികളുടെയും സഹകരണം ഉണ്ടാകണമെന്നും എം വിജിൻ എം എൽ എ അഭ്യർത്ഥിച്ചു.

പഴയങ്ങാടി വ്യാപാര ഭവനിൽ നടന്ന യോഗത്തിൽ ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗോവിന്ദൻ, മാട്ടൂൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഫാരീഷ ടീച്ചർ,  പയ്യന്നൂർ ഡിവൈഎസ്പി കെ വിനോദ് കുമാർ, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനായ പി വി വിജേഷ്, കെ പത്മനാഭൻ, വി വിനോദ്, എം പി ഉണ്ണികൃഷ്ണൻ, എ വി രാജേഷ്, എ വി സനിൽ, ടി വി ചന്ദ്രൻ, കെ വി മനോഹരൻ, പി വി അബ്ദുള്ള, ബി അൻവർ, ശ്യാം വിസ്മയ, ഹാരീസ്, മഹമൂദ് വാടിക്കൻ, എസ് പി ശ്രീധരൻ, ഹാഷിം, സജിത്ത് എന്നിവർ സംസാരിച്ചു. വ്യാപാരി വ്യവസായി, ഓട്ടോ - ബസ് തൊഴിലാളി യൂണിയനുകൾ, രാഷ്ട്രീയ - സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.

Previous Post Next Post