തിരുവനന്തപുരം :- നാല് ബാറ്ററി സ്റ്റോറേജ് നിലയങ്ങൾകൂടി (ബെസ്) സ്ഥാപിക്കുന്നതിന് കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. കണ്ണൂർ ശ്രീകണ്ഠാപുരം (40 മെഗാവാട്ട്), കാസർഗോഡ് മുള്ളെരിയ (15 മെഗാവാട്ട്), മലപ്പുറം അരീക്കോട് (30 മെഗാവാട്ട്), തിരുവനന്തപുരം പോത്തൻകോട് (40 മെഗാവാട്ട്) എന്നിവയ്ക്കാണ് അനുമതി. നേരത്തേ കാസർകോട് മൈലാട്ടിയിൽ 125 മെഗാവാട്ട് ബാറ്ററി സ്റ്റോറേജ് നിലയത്തിന് അംഗീകാരം നൽകിയിരുന്നു. ഇതോടെ കേരളത്തിൽ മൊത്തം 250 മെഗാ വാട്ട് ശേഷിയുള്ള അഞ്ചുനിലയങ്ങളാണ് യാഥാർഥ്യമാവുക.
കേന്ദ്രസർക്കാരിൻ്റെ വയബിലിറ്റി ഗ്യാപ് ഫണ്ടായി 135 കോടി ഇവയ്ക്ക് ലഭിക്കും. പകൽ സോളാർ നിലയങ്ങളിൽനിന്നുൾപ്പെടെ ലഭിക്കുന്ന കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി ശേഖരിച്ച് രാത്രിയിൽ ഉപയോഗിക്കുന്നതിനാണ് ഈ നിലയങ്ങൾ. എൻടിപിസി ഗ്രീൻ എനർജി, ടാറ്റാ പവർ റിന്യൂവബിൾ എനർജി, ഒപേര എനർജി ലിമിറ്റഡ് എന്നിവയ്ക്കാണ് പദ്ധതികളുടെ കരാർ.12 വർഷത്തേക്ക് നിലയങ്ങൾക്ക് മാസംതോറും 4.34 ലക്ഷം മുതൽ 4.57 ലക്ഷം രൂപ വരെ കെഎസ്ഇബി സ്റ്റോറേജ് ചാർജായി നൽകണം.