ദില്ലി :- നേപ്പാളിൽ കലാപത്തെ തുടർന്നുള്ള ജയിൽ ചാട്ടം പ്രതിസന്ധിയാകുന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 65 പേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടുന്നത്. ഇവരെല്ലാം നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പിടികൂടുന്ന പലരും അവകാശപ്പെടുന്നത് തങ്ങൾ ഇന്ത്യാക്കാരെന്നാണ്. അതിനാൽ തന്നെ അതിർത്തിയിൽ ഇപ്പോൾ പരിശോധന കർശനമാക്കിയിട്ടുണ്ട്.
ബംഗ്ലാദേശിൽ കലാപം നടന്നപ്പോഴും സമാനമായ സാഹചര്യം ഉണ്ടായിരുന്നു. അന്ന് കലാപത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് നൂറ് കണക്കിനാളുകളാണ് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചത്. ബംഗ്ലാദേശിൽ കലുഷിതമായ രാഷ്ട്രീയ സാഹചര്യം അവസാനിച്ചതോടെ ഇതിന് ഒരയവ് വന്നിട്ടുണ്ട്. ഈ ഘട്ടത്തിലാണ് നേപ്പാളിൽ കലാപം ഉണ്ടായതും ഇവിടെ നിന്ന് ജയിൽ ചാടിയവർ അടക്കം രാജ്യം വിടാൻ ശ്രമിച്ചതും.
നേപ്പാളിൽ നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചവരിൽ ബംഗ്ലാദേശികളും ഉണ്ടെന്നാണ് വിവരം. ഉത്തർപ്രദേശ്, ബിഹാർ, വെസ്റ്റ് ബംഗാൾ സംസ്ഥാനങ്ങളിലെ അന്താരാഷ്ട്ര അതിർത്തികളിലൂടെയാണ് നേപ്പാളിൽ നിന്നുള്ളവർ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് പിടിയിലാകുന്നവരെ അതത് പൊലീസ് സേനകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.