കണ്ണൂർ:-കണ്ണൂരുകാർക്ക് സന്തോഷ പൊന്നോണ രാവുകൾ സമ്മാനിച്ച് സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന സംഘടിപ്പിക്കുന്ന ഓണാഘോഷം. കണ്ണൂർ ടൗൺ സ്‌ക്വയറിൽ ഔദ്യോഗിക ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാ താരം പി പി കുഞ്ഞി കൃഷ്ണൻ, ബാലതാരവും ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിമുമായ റാനിയ റഫീക്ക് എന്നിവർ വിശിഷ്ടാതിഥികളായി. കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, വെള്ളോറ രാജൻ, കെ എം വിജയൻ, ചേമ്പർ പ്രസിഡന്റ് ടി കെ രമേശ് കുമാർ, ഡി ടി പി സി സെക്രട്ടറി പി കെ സൂരജ്, കെ സി ശ്രീനിവാസൻ സംസാരിച്ചു. തുടർന്ന് മലബാർ മാജിക്ക് സർക്കിൾ അവതരിപ്പിച്ച് മാജിക്ക് നൈറ്റ്, അരങ്ങ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നാടൻ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരം- മുടിയാട്ടം, കാളകളി, പരുന്താട്ടം തുടങ്ങിയവയും യങ് സ്റ്റാർ കണ്ണൂർ അവതരിപ്പിച്ച ഡാൻസ് ഫ്യൂഷനും അരങ്ങേറി. തിരുവോണ ദിനമായ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ദിശ സ്കൂൾ മ്യൂസിക്കിന്റെ മ്യൂസിക് ഫ്യൂഷൻ, തഞ്ചാവൂർ സൗത്ത് സോൺ കൾച്ചറസ് സെൻററിൻറെയും ഭാരത ഭവന്റെയും നേതൃത്വത്തിൽ ഇന്ത്യൻ വസന്തം, ഷംസുദ്ദീൻ ചെർപ്പുളശ്ശേരിയുടെ ഇന്ത്യൻ മാംgo ട്രീ മാജിക്, സിനിമതാരം മൃദുല വിജയ് യുടെ ക്ലാസിക്കൽ ഡാൻസ്, ഫോക് കാറ്റ്സ് മീഡിയയുടെ മെഗാ മ്യൂസിക്കൽ ഫ്യൂഷൻ ഫോക്കാരാവ് എന്നിവ അരങ്ങേറും.