അത്യാഹിതങ്ങൾ നേരിടാൻ സ്‌കൂളുകളിൽ മെഡിക്കൽ എമർജൻസി പദ്ധതി തയ്യാറാക്കാൻ നിർദേശം


തിരുവനന്തപുരം :- അത്യാഹിതങ്ങളുണ്ടായാൽ അത് നേരിടാനുള്ള മെഡിക്കൽ എമർജൻസി പദ്ധതി എല്ലാ സ്കൂളുകളിലും തയ്യാറാക്കാൻ നിർദേശം. തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായോ താലൂക്കാശുപത്രിയുമായോ ചേർന്ന് പാമ്പുവിഷചികിത്സ അടക്കം അടിയന്തര വൈദ്യസഹായത്തിനുള്ള രൂപരേഖ തയ്യാറാക്കണം.

പാമ്പുകടി, വെള്ളപ്പൊക്കം, ഭൂമികുലുക്കം പോലെയുള്ള അത്യാഹിതങ്ങൾ നേരിടുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായി ചേർന്ന് മോക്ഡ്രില്ലുകൾ സംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ മാർഗരേഖ വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന വിവിധ വകുപ്പുകളുടെ യോഗം വിളിച്ചാണ് മാർഗരേഖ അന്തിമമാക്കിയത്. മാർഗനിർദേശങ്ങളുടെ കരട് ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ സമർപ്പിച്ചു.

2019-ൽ സുൽത്താൻബത്തേരിയിൽ ക്ലാസ്‌മുറിയിൽ വെച്ച് പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സ വൈകിയതുമൂലം മരിച്ചിരുന്നു. ഇതിൽ കോടതി സ്വമേധയാ എടുത്ത കേസും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ പൊതുതാത്‌പര്യഹർജിയും പരിഗണിച്ചാണ് മാർഗനിർദേശം തയ്യാറാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.

അങ്കണവാടികൾ, സർക്കാർ-എയ്‌ഡഡ് വിദ്യാലയങ്ങൾ, കേന്ദ്ര സിലബസിലുള്ള അൺഎയ്‌ഡഡ് വിദ്യാലയങ്ങൾ എന്നിവയെല്ലാം മാർഗരേഖ ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ പരിസരത്തെ പാഴ്ച്ചെടികൾ നീക്കി വൃത്തിയാക്കിയും വെള്ളക്കെട്ടുകൾ ഇല്ലാതാക്കിയും വന്യജീവിശല്യം, പാമ്പുശല്യം എന്നിവപോലെയുള്ള അപകടങ്ങൾ ഒഴിവാക്കണമെന്നതടക്കമുള്ള നിർദേശങ്ങളാണ് മാർഗരേഖ മുന്നോട്ടുവെക്കുന്നത്.

Previous Post Next Post