2025 രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു ; മൂന്ന് ഗവേഷകർക്ക്‌ നേട്ടം


ദില്ലി :- 2025 ലെ രസതന്ത്ര നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് ഗവേഷകർക്കാണ് നൊബേല്‍ ലഭിച്ചത്. സുസുമ കിറ്റഗാവ, റിച്ചാർഡ് റോബ്സൺ, ഒമർ എം. യാഘി എന്നിവരാണ് രസതന്ത്ര നൊബേലിന് അര്‍ഹരായത്. മെറ്റൽ - ഓർഗാനിക് ഫ്രെയിം വർക്കുകളുടെ വികസനത്തിനാണ് പുരസ്കാരം. രസതന്ത്രത്തിലെ നിയമങ്ങൾ മാറ്റിമറിച്ച ഗവേഷണമാണ് പുരസ്കാരത്തിന് അര്‍ഹമായത്. മരുഭൂമിയിലെ വായുവിൽ നിന്ന് പോലും ജലം ശേഖരിക്കാനും, അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് അടക്കം വാതകങ്ങൾ പിടിച്ചെടുക്കാനും പറ്റുന്ന വസ്തുക്കൾ നിർമ്മിക്കുന്നതും സാധ്യമാക്കിയ കണ്ടുപിടുത്തമാണ് ഇവര്‍ നടത്തിയത്.

2025 ലെ ഭൗതിക ശാസ്ത്ര നൊബേൽ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. മൂന്ന് പേര്‍ക്കാണ് പുരസ്കാരം. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. 1984നും 85നും ഇടയിൽ നടത്തിയ ഗവേഷണത്തിനാണ്പുരസ്കാരം. ക്വാണ്ടം മെക്കാനിക്കൽ പ്രതിഭാസങ്ങൾ പ്രകടിപ്പിക്കാൻ കഴിയുന്ന ഒരു വ്യവസ്ഥയുടെ പരമാവധി വലിപ്പം എത്രയാകുമെന്നത് ഭൗതിക ശാസ്ത്രത്തിലെ ഒരു പ്രധാന ചോദ്യമാണ്. കൈയ്യിലൊതുങ്ങാവുന്നത്ര വലിപ്പമുള്ള ഒരു വൈദ്യുതി സർക്യൂട്ടിൽ ക്വാണ്ടം മെക്കാനിക്കൽ ടണലിങ്ങും, ക്വാണ്ടൈസ്ഡ് ഊർജ്ജ നിലകളും സാധ്യമെന്ന് തെളിയിക്കാൻ ജോൺ ക്ലാർക്കിനും സംഘത്തിനുമായി. ക്വാണ്ടം കന്പ്യൂട്ടിങ്ങിൻ്റെ പുരോഗതിയിൽ ഈ കണ്ടെത്തൽ നിർണായകമായി.

റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് പ്രതിനിധികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. ഇത് വരെ 118 തവണയാണ് ഭൗതിക ശാസ്ത്ര നൊബേൽ നൽകിയത്. മെഷീൻ ലേണിംഗ് രംഗത്തെ രണ്ട് അതികായൻമാരായ ജോൺ ജെ. ഹെപ്പ്ഫീൽഡിനും ജെഫ്രി ഇ. ഹിന്റണിനുമായിരുന്നു 2024 ലെ ഭൗതിക ശാസ്ത്ര നൊബേൽ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈദ്യശാസ്ത്ര നൊബേൽ അമേരിക്കൻ, ജാപ്പനീസ് ഗവേഷകരാണ് പങ്കിട്ടെടുത്തത്.

നാളെയാണ് സാഹിത്യനോബേൽ പ്രഖ്യാപനം. സമാധാന നോബേൽ ആർക്കെന്ന് പത്താംതീയതി അറിയാം. ഒക്ടോബർ പതിമൂന്നിനാണ് സാമ്പത്തിക ശാസ്ത്ര നോബേൽ പ്രഖ്യാപനം. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കാതിരിക്കാൻ സഹായിക്കുന്ന റെഗുലേറ്ററി ടി സെല്ലുകളെ തിരിച്ചറിഞ്ഞ അമേരിക്കൻ ഗവേഷകരായ മേരി ഇ. ബ്രങ്കോവ്, ഫ്രെഡ് റാംസ്ഡെൽ, ജാപ്പനീസ് ഗവേഷകൻ ഷിമോൺ സകാഗുച്ചി എന്നിവർക്കായിരുന്നു 2025ലെ വൈദ്യശാസ്ത്ര നൊബേൽ.



Previous Post Next Post