കൊച്ചി :- വിവര സാങ്കേതിക മേഖലയിൽ സംസ്ഥാനത്ത് 2031-നകം പത്തു ലക്ഷം തൊഴിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ഐ.ടി വിപണിയുടെ 10 ശതമാനം കേരളത്തിന്റേതാകണം. ഇതിനായി ഗ്ലോബൽ കേപ്പബിലിറ്റി സെൻ്ററുകളുടെ എണ്ണം 120ലെത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിഷൻ 2031 ൻ്റെ ഭാഗമായിഇലക്ട്രോണിക്സ‌് ആൻഡ് ഐടി വകുപ്പ് സംഘടിപ്പിച്ച റീകോഡ് കേരള 2025 ഐ.ടി സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അടിസ്ഥാന സൗകര്യ വികസനം മുതൽ നൈപുണ്യ വികസനം വരെയുള്ള മേഖലകളിൽ വേറിട്ട കാഴ്ച്ചപ്പാടോടെ ചർച്ച ചെയ്യണം. സംസ്ഥാനത്തെ ഐ.ടി സ്ഥലസൗകര്യം മൂന്ന് കോടി ചതുരശ്ര അടിയായി വർദ്ധിപ്പിക്കണം. ഐ.ടി. മേഖലയുടെ വികസനത്തിനായി ലാൻഡ് പുളിംഗ് മാതൃകയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഡാറ്റ സെന്ററുകൾ, ക്ലൗഡ് ഇൻഫ്രാസ്ട്രക്‌ചർ സൈറ്റുകൾ, സാറ്റലൈറ്റ് ഐ.ടി പാർക്കുകൾ എന്നിവ സംസ്ഥാനത്ത് ഉണ്ടാകണം. ഊർജ വിനിയോഗം, നിർമാണം തുടങ്ങിയ മേഖലകളിൽ സുസ്ഥിര വികസന മാതൃകകൾ പിന്തുടരണം. ഐ.ടി. രംഗത്ത് നൈപുണ്യം സിദ്ധിച്ച 10 ലക്ഷം യുവാക്കളെ വാർത്തെടുക്കുക, അഞ്ച് ലക്ഷം ഉന്നത തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളിൽ രണ്ട് ലക്ഷം പേർക്ക് തൊഴിൽ എന്നിവ സാധ്യമാകുന്ന വിധത്തിൽ, വ്യത്യസ്‌തങ്ങളായ സ്ഥാപനങ്ങൾക്ക് രൂപം നൽകാനാകണം. കേരള ഫ്യൂച്ചർ ടെക്നോളജി മിഷൻ, കേരള സെമികോൺ മിഷൻ, കേരള എ.ഐ. മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്ക് രൂപം നൽകണമെന്ന നിർദ്ദേശം പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സെമികണ്ടക്ടർ മേഖലയിലെമുന്നേറ്റങ്ങളുടെ ഗുണഫലങ്ങൾ ഉപയോഗപ്പെടുത്താൻ ഈ മേഖലയിലെ ഗവേഷണത്തിന് പ്രാധാന്യം നൽകണം. കൊച്ചിയിലെ മേക്കർ വില്ലേജ്, രാജ്യത്ത് തന്നെ ഏറ്റവും വലിയ ഹാർഡ്വെയർ ഇൻക്യുബേറ്ററായി മാറി. വയനാട്, കണ്ണൂർ, പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം എന്നിവിടങ്ങളിൽ പ്രാദേശിക ഇൻക്യുബേഷൻ, ഗവേഷണ വികസന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി, മേക്കർ വില്ലേജ് 2.0 പദ്ധതിക്ക് രൂപം നൽകും. നിർമ്മിത ബുദ്ധി മേഖലയിൽ, സംസ്ഥാനത്തെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നു. തനത് സാങ്കേതിക വിദ്യകളും, നിർമ്മിത ബുദ്ധിയും ഉപയോഗിച്ച് സർക്കാർ സേവനങ്ങളും, ഭരണനിർവഹണവും ജനങ്ങൾക്ക് എങ്ങനെ കൂടുതൽ പ്രയോജന പ്രദമാക്കാമെന്നും ചർച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഭൂപരിഷ്കരണത്തിലും വിദ്യാഭ്യാസത്തിലും കാഴ്ച്‌ച വച്ച കേരള മോഡൽ മറ്റു രംഗങ്ങളിലും സംസ്ഥാനം പിന്തുടരുകയാണ്. രാജ്യത്തെ ആദ്യത്തെ
ടെക്നോപാർക്കും, ഇലക്ട്രോണിക്സ് പ്രൊഡക്ഷൻ കമ്പനിയും കേരളത്തിലാണ് ആരംഭിച്ചത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും, ഡിജിറ്റൽ സയൻസ് പാർക്കും സ്ഥാപിച്ചു. 2016ൽ 300 സ്റ്റാർട്ടപ്പുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 6400 ആണ്. ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദാന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2021-നും 23-നും ഇടയിൽ സ്റ്റാർട്ടപ്പ്
മേഖലയിൽ 254% വളർച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് സ്ഥാപിക്കപ്പെട്ടതും ഇവിടെയാണ്. കഴിഞ്ഞ ഒരു ദശാബ്ദക്കാലത്ത് 6000 കോടി രൂപയുടെ നിക്ഷേപമാണ് സ്റ്റാർട്ടപ്പുകൾ മുഖേന കേരളത്തിൽ എത്തിയത്. 900-ൽ അധികം ആശയങ്ങൾക്ക് പ്രാരംഭഘട്ട ധനസഹായമായി 50 കോടി രൂപ അനുവദിക്കാനായി - മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ ഐടി കയറ്റുമതി ഒരു ലക്ഷം കോടിയോട് അടുക്കുകയാണ്. നിലവിൽ ടെക്നോപാർക്ക്, ഇൻഫോപാർക്ക്, സൈബർ പാർക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേരാണ് ജോലി ചെയ്യുന്നത്. 2016 മുതൽ 66000 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ആകെ ഐ.ടി. കയറ്റുമതി 2016 ൽ 34123 കോടി രൂപയായിരുന്നു. ഇപ്പോൾ 90,000 കോടിയോളം അധികമായി വർദ്ധിച്ചു.നാടിന്റെ വികസനം എങ്ങനെ വേണം എന്നതിനെ കുറിച്ച് അഭിപ്രായം സമാഹരിക്കുന്നതിനായി പ്രത്യേക പദ്ധതി സർക്കാർ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വോളന്ററിയർമാർ ജനുവരിയിൽ
കേരളത്തിലെ വീടുകൾ സന്ദർശിച്ച് ഓരോമലയാളിക്കും നാടിനെ കുറിച്ചുള്ള വികസന പ്രതീക്ഷ എന്താണെന്ന് മനസ്സിലാക്കുകയും അത് സർക്കാരിനെ അറിയിക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരള മാതൃകയെ ശക്തിപ്പെടുത്തി അതിന്റെ രണ്ടാം തലമുറ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാൻ കഴിഞ്ഞു എന്നതാണ് കഴിഞ്ഞ പത്ത് വർഷത്തിൻ്റെ പ്രത്യേകത എന്ന് ചടങ്ങിൽ അധ്യക്ഷനായവ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. ഉൽപാദന മേഖലയിലെ മുരടിപ്പും പശ്ചാത്തല സൗകര്യ വികസനത്തിൻ്റെ പരിമിതിയും മറികടക്കാനുള്ള ബൃഹദ് പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്‌തു. കേരളത്തിൽ ഒന്നും നടക്കില്ല എന്ന രീതിയിൽസൃഷ്ടിക്കപ്പെട്ടിരുന്ന പ്രതീതിയെ മറികടന്ന് ലോക ശ്രദ്ധ ആകർഷിക്കാനും നമുക്കായി.
കേരളം ഏറ്റവും ശ്രദ്ധേയമായ ഒരു ലക്ഷ്യസ്ഥാനം ആണ് എന്ന യാഥാർത്ഥ്യം ലോകത്തിനു മുൻപിലേക്ക് എത്തിക്കാനും2030 നെ ഒരു ഇൻ്റലിജൻസ് ദശകമായി കണ്ടുകൊണ്ടുള്ള കർമ്മ പദ്ധതികൾ ആണ് സർക്കാർ നടപ്പിലാക്കി വരുന്നത്.എ.ഐ, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ ടെക്നോളജി, ബിഗ് ഡാറ്റ അനാലിസിസ് തുടങ്ങിയ എല്ലാ നൂതന സാങ്കേതിക മേഖലകളിലും ഉയർന്ന നൈപുണ്യ നിലവാരമുള്ള മാനവ വിഭവ ശേഷിനമുക്കുണ്ട്. അത് കേരളത്തിൻ്റെ പ്രധാന ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങിൽ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നപ്രീമിയം കോ വർക്കിംഗ് സ്പേസ് 'ഐ ബൈ ഇൻഫോപാർക്കി' ൻ്റെ ഉദ്ഘാടനവും മുഖ്യമന്ത്രി ഓൺലൈനായി നിർവഹിച്ചു. ഐ ബൈ ഇൻഫോപാർക്കിലെ ആദ്യ കമ്പനിയായ സോഹോ കോർപ്പറേഷന്റെഅനുമതിപത്രം സോഹോ യു എസ് എ സി.ഇ.ഒ ടോണി തോമസിന് മുഖ്യമന്ത്രി കൈമാറി.ഐ.ടി വകുപ്പിൻറെ വിഷൻ 2031 ഡ്രാഫ്റ്റ് ഡോക്യുമെന്റ് മന്ത്രി പി.രാജീവിന് കൈമാറി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. പൂർണ്ണമായി കേരളത്തിൽ രൂപകൽപ്പന ചെയ്ത ആദ്യ 5 ജി ചിപ്പ്, സിലീസിയംസർക്യൂട്ട് സി.ഇ.ഒ റിജിൽ ജോണിന്റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രി പുറത്തിറക്കി.
