കണ്ണൂർ :- സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പോലീസിന്റെ ശക്തമായ നീക്കം. ഓപ്പറേഷൻ സൈബർ ഹണ്ട് എന്ന പേരിൽ സംസ്ഥാനത്ത് വ്യാപകമായ പരിശോധന നടത്തി. ജില്ലയിൽ നടത്തിയ പരിശോധനയിൽ 20 പേർ അറസ്റ്റിൽ. തട്ടിപ്പ് സംഘങ്ങൾക്ക് ബാങ്ക് അക്കൗണ്ട് എടുത്തുനൽകുന്ന സംഘങ്ങളെയാണ് അറസ്റ്റ് ചെയ്‌തത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ പി.നിധിൻരാജ്, റൂറൽ എസ്‌പി അനൂജ് പലിവാൽ എന്നിവരുടെ നിർദേശപ്രകാരം കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ 17 പേരെ അറസ്റ്റുചെയ്തു. ചക്കരക്കല്ലിൽ അഞ്ചും കണ്ണൂർ ടൗണിൽ നാലും മയ്യിലിൽ നാലും കണ്ണൂർ സിറ്റിയിൽ നാലും പേരാണ് അറസ്റ്റിലായത്.
റൂറൽ പരിധിയിൽ രണ്ടുപേരെ അറസ്റ്റ്ചെയ്തു. 13 പേർക്ക് പോലീസ് നോട്ടീസ് നൽകി. പിടിലായവരുടെ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെ ആറിന് തുടങ്ങിയ പരിശോധന രാത്രി വൈകുംവരെ തുടർന്നു. തളിപ്പറമ്പ് ഡിവൈഎസ്‌പി കെ.ഇ.പ്രേമചന്ദ്രൻ, കൂത്തുപറമ്പ് എസിപി കെ.വി.പ്രമോദൻ, തലശ്ശേരി എഎസ്‌പി പി.ബി.കിരൺ എന്നിവരുടെ നേതൃത്വത്തിലും പരിശോധന നടത്തി. സിം കാർഡ്, ബാങ്ക് അക്കൗണ്ട് വിലയ്ക്ക് വാങ്ങാൻ പ്രത്യേക വിഭാഗംതട്ടിപ്പുസംഘം ഉപയോഗിക്കുന്ന ബാങ്ക് അക്കൗണ്ടുകളും മൊബൈൽ സിം കാർഡും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ളവരുടേതാണ്.
പലപ്പോഴും ഉടമസ്ഥർ അറിയാതെ വ്യാജമായിട്ടാണ് അക്കൗണ്ടുകൾ സൃഷ്ടിക്കുന്നത്. ഇതുകാരണം കുറ്റവാളികളെ പിടികൂടാൻ സാധിക്കുന്നില്ല. ധനകാര്യസ്ഥാപനങ്ങൾ സുരക്ഷാപ്പിഴവുകൾ ഓരോന്നായി അടക്കുമ്പോൾ തട്ടിപ്പുകാർ പുതിയ തന്ത്രങ്ങളുമായി എത്തുകയാണ്. ബാങ്ക് അക്കൗണ്ട് വിലയ്ക്ക് വാങ്ങുന്നത് കൂടാതെ തട്ടിപ്പിലൂടെയും അക്കൗണ്ട് ഉണ്ടാക്കുന്നുണ്ട്. ആധാർനമ്പർ സംഘടിപ്പിച്ച് ഫോട്ടോമാറ്റി ബാങ്കിൽ സമർപ്പിച്ചാണ് അക്കൗണ്ട് ഉണ്ടാക്കുന്നത്. ചില ബാങ്കുകൾ ഓൺലൈനായിതന്നെ അക്കൗണ്ട് തുറക്കാൻ സഹായിക്കുന്നത് തട്ടിപ്പുകാർക്ക് എളുപ്പമാകുന്നുമുണ്ട്.
