25 കോടിയുടെ ഭാഗ്യശാലി ആലപ്പുഴ സ്വദേശി ; തിരുവോണം ബമ്പറടിച്ച ടിക്കറ്റ് ഹാജരാക്കി ശരത്


ആലപ്പുഴ :- തിരുവോണം ബമ്പറടിച്ച മഹാഭാഗ്യശാലി കൊച്ചിയിലെന്ന് പ്രതീക്ഷകൾ തെറ്റി. ആലപ്പുഴ തുറവൂർ സ്വദേശിക്കാണ് 25 കോടിയുടെ ഒന്നാം സമ്മാനം അടിച്ചത്. എസ് ബി ഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കിയതോടെയാണ് കൊച്ചിയിലല്ല, ആലപ്പുഴയിലാണ് ബമ്പറടിച്ചതെന്ന് വ്യക്തമായത്. തുറവൂർ തൈക്കാട്ടുശേരി സ്വദേശിയായ ശരത് എസ് നായർക്കാണ് ബമ്പറടിച്ചത്. നിപ്പോൺ പെയിന്റ്സ് ജീവനക്കാരനായ ശരത് നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്. നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.

കിട്ടിയാൽ കിട്ടിയെന്ന് കരുതി 500 രൂപ മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേരാണ്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് എത്തുക കോടികളാണ്. ചരിത്രത്തിലെ ഏറ്റവും വലിയ വിറ്റുവരവാണ് തിരുവോണം ബമ്പറിലൂടെ ഇത്തവണ ഖജനാവിലെത്തിയത്. 75 ലക്ഷം ടിക്കറ്റ് അച്ചടിച്ചതിൽ മോശമായിപ്പോയ ഒരെണ്ണം ഒഴികെ ബാക്കിയെല്ലാ ടിക്കറ്റുകളും വിറ്റുപോയി. അതായത് 375 കോടിയോളം രൂപയാണ് തിരുവോണം ബമ്പർ വിറ്റുവരവ്. എന്നാൽ ഈ തുക മൊത്തമായും സർക്കാരിന് ലഭിക്കില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സർക്കാരിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് വൈകാതെ ലഭ്യമാകും. കനത്ത മഴ കാരണം സെപ്തംബർ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഇന്നത്തേക്ക് നീട്ടിയത് തിരുവോണം ബമ്പറിന് ഗുണമായി. നറുക്കെടുപ്പ് ഒരാഴ്ച നീണ്ടതോടെ ബമ്പർ ടിക്കറ്റ് മൊത്തവും വിറ്റുപോയി. നാട്ടിലെങ്ങും ടിക്കറ്റ് കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു അവസാന മണിക്കൂറുകളിൽ. കൂടുതൽ സമയം കിട്ടിയത് കൊണ്ടാണ് ഇത്രയും ടിക്കറ്റുകൾ വിൽക്കാനായതെന്നാണ് വ്യാപാരികൾ പറയുന്നത്.



Previous Post Next Post