സൈനിക സ്കൂൾ പ്രവേശനം ; ഒക്ടോബർ 30 വരെ അപേക്ഷിക്കാം


തിരുവനന്തപുരം :- രാജ്യത്തെ സൈനിക സ്കൂ‌ൾ (6,9 ക്ലാസ്) പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള സമയം ഈ മാസം അവസാനിക്കും. അപേക്ഷ നൽകാനുള്ള അവസാന തീയതി ഒക്ടോബർ 30 ആണ്. അപേക്ഷകളിലെ തെറ്റുകൾ തിരുത്താൻ നവംബർ 2 മുതൽ 4 വരെ സമയം അനുവദിക്കും. അടുത്ത വർഷം ജനുവരിയിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 300 മാർക്കിൻ്റെതാണ്. 150 മിനിറ്റാണ് ദൈർഘ്യം. ലാംഗ്വേജ്, മാത്തമാറ്റിക്സ‌്, ഇന്റലിജൻസ്, ജനറൽ നോളജ് എന്നിവ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഒമ്പതാംക്ലാസ് പ്രവേശനപരീക്ഷക്ക് 400 മാർക്കിന്റെ ചോദ്യങ്ങളായിരിക്കും. ആറാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്ക് 10നും 12നും ഇടയിലായിരിക്കണം പ്രായം. 2026 മാർച്ച് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. ഒമ്പതാം ക്ലാസ് പ്രവേശനത്തിന് കുട്ടികളുടെ പ്രായം 13നും 15നും ഇടയിലായിരിക്കണം.

പെൺകുട്ടികൾക്ക് ആറാം ക്ലാസിലേക്ക് മാത്രമേ പ്രവേശനം നൽകുകയുള്ളൂ. സീറ്റ് ഉണ്ടെങ്കിൽ മാത്രം ഒമ്പതാം ക്ലാസിലേക്കും പ്രവേശനം ലഭിക്കും. രജിസ്ട്രേഷൻ ഫോം വെബ്സൈറ്റിൽ ലഭ്യമാണ്. പേര്, ജനന തീയതി, വീട്ടുവിലാസം, കോൺടാക്റ്റ് നമ്പർ, ഇ-മെയിൽ അഡ്രസ് എന്നിവ കൃത്യമായി രേഖപ്പെടുത്തണം. ഏത് ക്ലാസിലേക്കാണോ പ്രവേശനം ആഗ്രഹിക്കുന്നതും അതും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷാഫീസ് ഓൺലൈനായി അടക്കാനുള്ള സൗകര്യമുണ്ട്. ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് 850 രൂപയാണ് ഫീസ്. എസ്.ടി, എസ്.സി വിഭാഗത്തിലെ വിദ്യാർഥികൾ 700 രൂപ.

Previous Post Next Post