50 ശതമാനത്തിൽ താഴെ ഹാജരില്ലാത്തവർക്ക് പരീക്ഷ എഴുതാനാകില്ല ; ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ പരിഷ്ക്കരിച്ചു


തിരുവനന്തപുരം :- അൻപത് ശതമാനത്തിൽ താഴെ ഹാജരുള്ള വിദ്യാർഥികൾക്ക് പരീക്ഷയെഴുതാനുള്ള അനുമതി നിഷേധിച്ച് സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ മാന്വൽ പരിഷ്ക്കരിച്ചു. വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച നാലംഗ ഉപസമിതിയുടെ ശുപാർശ പ്രകാരമാണിത്. ഹാജർ കുറവുള്ള വിദ്യാർഥികൾക്ക് ഇളവ് നൽകാനുള്ള അധികാരം നേരത്തേ സർക്കാരിനോ ഹയർ സെക്കൻഡറി ഡയറക്ടർക്കോ ആയിരുന്നു. പുതിയ മാന്വൽപ്രകാരം അത് ഹയർ സെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർക്കാണ്.

50 ശതമാനത്തിൽ താഴെ ഹാജരുള്ള വിദ്യാർഥികൾക്ക് പരീക്ഷ എഴുതാനോ ഇളവിനായി അപേക്ഷിക്കാനോ കഴിയില്ല. 50 ശതമാനം ഹാജരില്ലാത്ത രണ്ടാം വർഷ വിദ്യാർഥികൾ അടുത്തവർഷം ഇതേ സ്കൂളിൽ വീണ്ടും പ്രവേശനം നേടി ഹാജർ കുറവ് പരിഹരിക്കണം. കമ്പാർട്ട്മെന്റ് വിദ്യാർഥികൾ (പ്ലസ്‌ടു പരാജയപ്പെട്ട വിദ്യാർഥികൾ) ഡി പ്ലസ് നേടാനാകാത്ത വിഷയങ്ങളുടെ ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും പരീക്ഷകൾ ഇനി നിർബന്ധമായും എഴുതണം. മുൻപ് ഏതെങ്കിലും ഒരു വർഷത്തെ പരീക്ഷയെഴുതിയില്ലെങ്കിലും പഴയ മാർക്ക് ലഭിക്കുമായിരുന്നു. രണ്ട് പരീക്ഷയും എഴുതിക്കിട്ടിയ മാർക്ക് ഏറ്റവും അവസാനം എഴുതിയ പരീക്ഷയുടെ മാർക്കുമായി താരതമ്യം ചെയ്ത് മികച്ച സ്കോർ ഏതാണോ അത് വിദ്യാർഥിക്ക് ലഭിക്കും.

ഇസ്ല‌ാമിക് ഹിസ്റ്ററി, ജർമൻ, റഷ്യൻ, ഫ്രഞ്ച്, തമിഴ്, കന്നഡ, ലാറ്റിൻ, മ്യൂസിക്, സിറീക്, ഫിലോസഫി, ജിയോളജി, ഹോം സയൻസ് വിഷയങ്ങളുടെ ഉത്തരക്കടലാ സുകളുടെ മൂല്യനിർണയത്തിന് കോളേജ് ലക്‌ചറർമാരുടെ സേവനം തേടാം. പ്രൈവറ്റ് രജിസ്ട്രേഷനായോ വീണ്ടും പ്രവേശനം നേടുകയോ ചെയ്യുന്ന വിദ്യാർഥികൾക്ക് ഒന്നാം വർഷ ഇംപ്രൂവ്‌മെൻ്റ് പരീക്ഷയെഴുതാൻ കഴിയില്ല. രണ്ടാംവർഷ ഹയർസെക്കൻഡറി പരീക്ഷ വിജയിച്ച വിദ്യാർഥികൾക്ക് പുതിയ മാന്വൽ പ്രകാരം പരീക്ഷ റദ്ദാക്കാൻ കഴിയില്ല. വിദ്യാർഥികളുടെ ആദ്യ അവസരത്തിൽ മാത്രമേ ഗ്രേസ് മാർക്ക് പരിഗണിക്കൂ. 150 വിദ്യാർഥികളെങ്കിലും പരീക്ഷയെഴുതുന്ന കേന്ദ്രങ്ങളിൽ മാത്രമേ പരീക്ഷയ്ക്ക് രണ്ട് ഡെപ്യൂട്ടി ചീഫുമാരെ നിയമിക്കുകയുള്ളൂവെന്നും പുതിയ മാന്വൽ പറയുന്നു.

Previous Post Next Post