ന്യൂഡൽഹി :- ഇന്ത്യയുടെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സുര്യകാന്തിനെ രാഷ്ട്രപതി നിയമിച്ചു. നവംബർ 24-ന് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്‌ത് സ്ഥാനമേൽക്കും. കേന്ദ്ര നിയമ മന്ത്രാലയത്തിലെ നീതിന്യായ വകുപ്പ് അദ്ദേഹത്തിൻ്റെ നിയമനം പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നവംബർ 23-ന് സ്ഥാനമൊഴിയുന്ന ജസ്റ്റിസ് ബി. ആർ. ഗവായിയുടെ പിൻഗാമിയായാണ് ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേൽക്കുക. ഗവായ് തന്നെയാണ് തന്റെ പിൻഗാമിയായി ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് കേന്ദ്രത്തിന് ശുപാർശ ചെയ്തത്. സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസിനോട് പിൻഗാമിയെ നിർദേശിക്കാൻ ഒരുമാസം മുൻപ് നിയമമന്ത്രാലയം ആവശ്യപ്പെടുകയും അദ്ദേഹം ഏറ്റവും സീനിയർ ജഡ്‌ജിയുടെ പേര് ശുപാർശ ചെയ്യുകയുമാണ് പതിവ്. 2019 മേയ് 24-ന് സുപ്രീംകോടതിയിലെത്തിയ ജസ്റ്റിസ് സൂര്യകാന്തായിരുന്നു സീനിയോറിറ്റിയിൽ മുന്നിൽ.
1962 ഫെബ്രുവരി പത്തിന് ഹരിയാണയിലെ ഹിസാർ ജില്ലയിൽ ജനിച്ച സൂര്യകാന്ത് റോഹ്‌തക്കിലെ മഹർഷി ദയാനന്ദ് സർവകലാശാലയിൽനിന്നാണ് നിയമബിരുദം നേടിയത്. ആദ്യം ജില്ലാ കോടതികളിലും പിന്നീട് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്‌ത അദ്ദേഹം 38-ാം വയസ്സിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ അഡ്വക്കേറ്റ് ജനറലുമായി. 2004-ൽ 42-ാം വയസ്സിലാണ് ജസ്റ്റിസ് സൂര്യകാന്ത് പഞ്ചാബ്, ഹരിയാണ ഹൈക്കോടതിയിൽ ജഡ്‌ജിയായത്. 2011-ൽ കുരുക്ഷേത്ര സർവകലാശാലയിൽനിന്ന് വിദൂരപഠനത്തിലൂടെ നിയമത്തിൽ ബിരുദാനന്തരബിരുദവും നേടി. പതിനാല് വർഷം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സുര്യകാന്ത്, 2018-ൽ ഹിമാചൽപ്രദേശിൽ ചീഫ് ജസ്റ്റിസായി.
ബെഞ്ചില്ലാത്ത സ്‌കൂളിൽ വെറുംനിലത്തിരുന്നു പഠിച്ചാണ് രാജ്യത്തെ പരമോന്നത കോടതിയുടെ ബെഞ്ചിലേക്ക് ജസ്റ്റിസ് സൂര്യകാന്ത് എത്തിയത്. ഇനി, അതിന്റെ പരമോന്നത പദവിയിലേക്കും. ഹരിയാണയിലെ ഹിസാറിനടുത്തുള്ള പെട്വാഡ് ഗ്രാമത്തിലെ സാധാരണ കർഷക കുടുംബത്തിലായിരുന്നു ജസ്റ്റിസ് സൂര്യകാന്തിന്റെ ജനനം. സ്‌കൂളധ്യാപകനായിരുന്നു പിതാവ്. ഗ്രാമത്തിലെ മറ്റു കുട്ടികളെപ്പോലെ വീട്ടുകാരെ കൃഷിയിൽ സഹായിക്കാൻ ജസ്റ്റിസ് സൂര്യകാന്തും സമയംകണ്ടെത്തിയിരുന്നു. പത്താംക്ലാസിന്റെ ബോർഡ് പരീക്ഷയെഴുതാൻ ഹാൻസിയിലേക്ക് പോയപ്പോഴാണ് ആദ്യമായി ഒരു ചെറുപട്ടണം കാണുന്നത്. തന്റെ ഗ്രാമത്തിലെ മികച്ച വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാനും സമ്മാനങ്ങൾ നൽകാനും അദ്ദേഹമെത്താറുണ്ട്.
സുപ്രധാന വിധികൾ
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയത് ശരിവെച്ചതുൾപ്പെടെ ഒട്ടേറെ സുപ്രധാന വിധികൾ പറഞ്ഞത് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ചാണ്. രാജ്യദ്രോഹക്കുറ്റം മരവിപ്പിച്ചുകൊണ്ട് ഇത്തരം കേസുകളിലെ എഫ്ഐആറുകളിൽ തുടർനടപടികൾ പാടില്ലെന്ന് വിധിച്ച ബെഞ്ചിലും ജസ്റ്റിസ് സൂര്യകാന്തുണ്ടായിരുന്നു.
ഏറ്റവുമൊടുവിൽ, ബിഹാർ എസ്ഐആറിന്റെ ഭാഗമായി കരട് പട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം പേരുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്ന ഉത്തരവ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2022-ലെ പഞ്ചാബ് സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്‌ജി ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയെ നിയോഗിച്ച ബെഞ്ചിൽ ജസ്റ്റിസ് കാന്തും അംഗമായിരുന്നു.
