ശ്രീകണ്ഠപുരം :- ജാമ്യത്തിൽ ഇറങ്ങി വർഷങ്ങളായി മുങ്ങിനടന്ന കൊലക്കേസ് പ്രതിയെ അതിസാഹസികമായി പിന്തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ വച്ച് പൊലീസ് പിടികൂടി. പെരുവളത്തുപറമ്പ് കുട്ടാവ് ജങ്ഷനിൽ നിർമാണത്തിലുള്ള വീടിന്റെ ശുചിമുറിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസിലാണ് ഇതര സംസ്ഥാന തൊഴിലാളി പരേഷ് നാഥ് മണ്ഡൽ (32) പിടിയിലായത്.
2021ലാണ് കൊലപാതകം നടന്നത്. ബംഗാൾ സ്വദേശി അസീക്കുൾ ഇസ്ലാമിനെ കൊന്ന് വീടിന്റെ ശുചിമുറി കുഴിച്ച് മൃതദേഹം കുഴിയിലിട്ടശേഷം മൂടി മുകളിൽ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. മാസങ്ങൾക്കുശേഷം അസിക്കുൾ ഇസ്ലാമിൻ്റെ സഹോദരൻ്റെ പരാതിയിൽ ഇരിക്കൂർ പൊലീസാണ് പ്രതിയെ അറസ്‌റ്റ് ചെയ്ത്. കൊല്ലപ്പെട്ട അസിക്കുൾ ഇസ്ലാമിൻ്റെ സഹോദരൻ ചക്കരക്കല്ലിൽ ജോലി ചെയ്‌തിരുന്നു. ഇയാൾക്ക് നൽകാനായി മറ്റൊരാൾ ഒന്നരലക്ഷം രൂപ അസിക്കുളിന് കൈമാറി. ഇത് തട്ടിയെടുക്കാനാണ് പരേഷ് നാഥ് മണ്ഡൽ ഇയാളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. തലശേരി അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണക്കിടെ ജാമ്യത്തിൽ ഇറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ ഇയാൾക്കായി വലവിരിച്ചു.
പ്രതി മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ല. ഇയാൾ ബംഗ്ലാദേശ് അതിർത്തിയിൽ ഉണ്ടെന്ന് കണ്ണൂർ പൊലിസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിട്ടി ഡിവൈ എസ് പി ധനഞ്ജയ ബാബുവിന്റെയും ഇരിക്കൂർ സിഐ രാജേഷ് ആയോട്ടന്റെയും നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചത്. എഎസ്ഐ സദാനന്ദൻ ചേപ്പറമ്പിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡിൽ ഇരിക്കൂർ പൊലീസ് സ്‌റ്റേഷനിലെ ഓഫീസർമാരായ സിദ്ദിഖ് പൊറോറ, പ്രജീഷ് ചുളിയാട് എന്നിവരുമുണ്ടായിരുന്നു.
