മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് 'വാഹൻ സാരഥി' സോഫ്റ്റ്വേറിൽ പരിശീലനം നൽകും


തിരുവനന്തപുരം :- അഞ്ചുവർഷത്തോളം ജനങ്ങളെ വലച്ചശേഷം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് 'വാഹൻ സാരഥി' സോഫ്റ്റ്വേറിൽ പരിശീലനം നൽകാൻ സർക്കാർ തീരുമാനിച്ചു. 2020-21-ൽ പുതിയ സംവിധാനത്തിലേക്ക് മാറിയപ്പോൾ മുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്ന് നിർദേശം ഉയർന്നിരുന്നെങ്കിലും നടപ്പായില്ല. സോഫ്റ്റ്‌വേറിലെ സങ്കീർണതയും ഉദ്യോഗസ്ഥരുടെ പരിചയക്കുറവും കാരണം അപേക്ഷകർ പിന്തിരിയുന്നത് ഇടനിലക്കാർക്കുള്ള അവസരമായി ഉദ്യോഗസ്ഥ തലപ്പത്തെ ചിലർ മാറ്റിയെടുക്കുകയായിരുന്നു. കംപ്യൂട്ടർ ഉപയോഗിക്കാനറിയാത്ത ചില ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം സോഫ്റ്റ് വേറിൽ വരുന്ന അപേക്ഷ കൈകാര്യം ചെയ്യുക ബുദ്ധിമുട്ടായിരുന്നു.

ചില ഓഫീസ് മേധാവികൾ കീഴുദ്യോഗസ്ഥരെയും ഇടനിലക്കാരെയും സോഫ്റ്റ്‌വേർ കൈകാര്യം ചെയ്യാൻ ഏൽപിച്ചിരിക്കുന്നതായും കണ്ടെത്തി. സോഫ്റ്റ്‌വേറിൽ മാറ്റമുണ്ടാകുമ്പോൾ അതിനനുസൃതമായി മാറാൻ പല ഉദ്യോഗസ്ഥർക്കും കഴിഞ്ഞിരുന്നില്ല. ഉദ്യോഗസ്ഥരിൽ പലർക്കും അടിസ്ഥാന കംപ്യൂട്ടർ പരിജ്ഞാനം പോലുമില്ലെന്നും തെളിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പരിശീലനം. മോട്ടോർ വാഹനവകുപ്പിനു കീഴിൽ മലപ്പുറം എടപ്പാളിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ച്, പാപ്പനംകോട് ശ്രീചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ് എന്നിവയാകും പരിശീലനകേന്ദ്രങ്ങൾ. ഓഫീസ് പ്രവർത്തനം തടസ്സപ്പെടാതെ പല ബാച്ചുകളായിട്ടാകും പരിശീലനം. സോഫ്റ്റ്‌വേറിലേക്ക് ഓഫീസ് നടപടി മാറിയെങ്കിലും ഓരോ അപേക്ഷയിലും സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് മാർഗനിർദേശം ഇറങ്ങിയിട്ടില്ലാത്തതും പൊതുജനങ്ങളെ വലയ്ക്കുന്നുണ്ട്.

Previous Post Next Post