ചെങ്ങന്നൂർ :- വിശ്വാസ സംരക്ഷണത്തിനും ശബരിമലയിലെ സ്വർണമോഷണത്തിനുമെതിരേ കെപിസിസി നാലു കേന്ദ്രങ്ങളിൽ നിന്നു തുടങ്ങിയ വിശ്വാസ സംരക്ഷണ ജാഥകൾ ചെങ്ങന്നൂരിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. 'സ്വർണമോഷണം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട സംഘം 10 ദിവസത്തിനുശേഷമാണ് ഒരു പ്രതിയെ അറസ്റ്റു ചെയ്തത്. തെളിവു നശിപ്പിക്കാൻ പ്രതികൾക്ക് സർക്കാർ ഒത്താശ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. കൂട്ടുപ്രതികളെയും അറസ്റ്റു ചെയ്യണം. കോൺഗ്രസ് ഈശ്വര വിശ്വാസികളുടെ പാർട്ടിയാണ്. സിപിഎം നേതാക്കൾക്ക് ദൈവ വിശ്വാസമില്ല. 2019 മുതൽ 2025 വരെയാണ് മോഷണം നടന്നത്. ഈ സാഹചര്യത്തിൽ ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡും രാജിവെക്കണം' - അദ്ദേഹം ആവശ്യപ്പെട്ടു.
കാസർകോട്ടു നിന്ന് കെ.മുരളീധരൻ, പാലക്കാട്ടുനിന്ന് കൊടിക്കുന്നിൽ സുരേഷ്, തിരുവനന്ത പുരത്തുനിന്ന് അടൂർ പ്രകാശ്, മൂവാറ്റുപുഴയിൽ നിന്ന് ബെന്നി ബഹന്നാൻ എന്നിവർ നയിച്ച വിശ്വാസസംരക്ഷണ ജാഥകൾ ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിലാണു സംഗമിച്ചത്. അവിടെനി ന്ന് നാലു ജാഥകളെയും നഗരസഭയ്ക്കു സമീപമുള്ള പൊതുസമ്മേളന വേദിയിലേക്ക് ആനയിച്ചു. സമ്മേളനത്തിൽ ഡിസിസി പ്രസിഡന്റ് കെ.ബാബുപ്രസാദ് അധ്യക്ഷനായി. ശനിയാഴ്ച വൈകീട്ട് 3 മണിക്ക് കാരയ്ക്കാടു നിന്ന് പന്തളത്തേക്കു നടത്തുന്ന പദയാത്ര പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും.