തരിശുഭൂമികളും പാറക്കുളങ്ങളും കൃഷിയോഗ്യമാക്കാൻ പദ്ധതി


കൊല്ലം :- തരിശുഭൂമികൾ കൃഷിയോഗ്യമാക്കാനും പാറമടകളിലെ കുളങ്ങളിൽ മത്സ്യക്കൃഷി പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്രവും സംസ്ഥാന കൃഷിവകുപ്പും ഒന്നിക്കുന്നു. രാജ്യവ്യാപകമായി 100 ജില്ലകളിൽ നടപ്പാക്കുന്ന പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജനയുടെ ഭാഗമായി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അടുത്തമാസം മുതൽ പദ്ധതി പ്രവർത്തനങ്ങൾ തുടങ്ങും. കൃഷി, മൃഗ സംരക്ഷണ-മദ്ധ്യോത്പാദന മേഖലകൾ സംയോജിപ്പിച്ചുള്ള കൃഷി രീതികൾക്കാണ് പദ്ധതിപ്രകാരം മുൻതൂക്കം നൽകുന്നത്. ഇതിനായി 11 വകുപ്പുകളുടെ പദ്ധതികൾ യോജിപ്പിച്ച് നടപ്പാക്കും.

തരിശുഭൂമി, പാറമടകൾ, ചെങ്കല്ല് നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളുടെ സാധ്യത പൂർണമായും പ്രയോജനപ്പെടുത്തും. ഇവിടങ്ങൾ കൃഷിക്ക് ഉപയുക്തമാക്കുന്നതിന് കർഷകർക്ക് വായ്പകൾ നൽകും. ഹ്രസ്വ-ദീർഘകാല വായ്പകൾ കുറഞ്ഞ പലിശയ്ക്ക് കർഷകർക്ക് ലഭിക്കുന്നത് നേട്ടമാകും. കാർ ഷികോത്പന്നങ്ങളുടെ ശേഖരംണം, വിപണനം എന്നിവയ്ക്കുള്ള പദ്ധതികളും നടപ്പാക്കും. കാർഷിക വികസനത്തിനായി മൂന്നു ജില്ലകളിലും കർമപദ്ധതി തയ്യാറാക്കും. നവംബർ മുതൽ ഇത് നടപ്പാക്കിത്തുടങ്ങും. കേന്ദ്രസർക്കാരി ൻ്റെ 36 പദ്ധതികളാണ് പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജനയിൽ ഉൾപ്പെടുത്തുക.അഞ്ചുവർഷമാണ് പദ്ധതിയുടെ കാലാവധി.

സംസ്ഥാനത്ത് തരിശുഭൂമി ഏറ്റവും കൂടുതലുണ്ടെന്ന് കൃഷി വകുപ്പ് കണ്ടെത്തിയത് കണ്ണൂർ കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ്. വിളവൈവിധ്യത്തിലും ഈ ജില്ലകൾ മുന്നിലാണ്. നെല്ല്, തെങ്ങ്, കുരുമുളക്, റബ്ബർ എന്നിവയെല്ലാം ഒരേയിടങ്ങളിൽത്തന്നെ കൃഷിചെയ്യുന്നുണ്ട്. സംയോജിതകൃഷി പദ്ധതിയുടെ ഭാഗമായി നെൽക്കൃഷിയിൽ വൈവിധ്യവത്കരണത്തിനും ഉത്പാദനം വർധിപ്പിക്കലിനും മുൻഗണന നൽകും. കൃഷിയുമായി ബന്ധപ്പെട്ട പുതുപദ്ധതികൾക്കായിരിക്കും പ്രാധാന്യം ലഭിക്കുക. ബഹുവിളകൃഷി നടത്തുന്നവർക്കും സമ്മിശ്ര കൃഷി നടത്തുന്നവർക്കും ചെറുധാന്യങ്ങൾ വിളയിക്കുന്നവർക്കും പദ്ധതിയുടെ ഗുണഫലം ലഭിക്കും.

Previous Post Next Post