ശബരിമല തീർഥാടകർക്കുള്ള ഇൻഷുറൻസ് നവംബർ മുതൽ എല്ലാ ജില്ലകളിലും ; മലകയറ്റത്തിനിടെ മരണപ്പെട്ടാൽ മൂന്ന്ലക്ഷം രൂപ ധനസഹായം


തിരുവനന്തപുരം :- ശബരിമല തീർഥാടകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് നവംബറിൽ തുടങ്ങുന്ന തീർഥാടന കാലം മുതൽ എല്ലാ ജില്ലയിലും ബാധകമാക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ അഞ്ചുലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഇതുവരെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുണ്ടാകുന്ന അപകടത്തിൽ മരിക്കുന്ന തീർഥാടകരുടെ കുടുംബത്തിന് മാത്രമായിരുന്നു. 

തീർഥാടനകാലത്ത് ശബരിമലയിൽ ജോലിക്കെത്തുന്ന വിവിധ വകുപ്പിലെ ജീവനക്കാർക്കും താത്കാലിക തൊഴിലാളികൾക്കും ജോലിസ്ഥലത്ത് അത്യാഹിതമുണ്ടായാൽ ഇതേ ആനുകൂല്യം ലഭിക്കുമെന്ന് പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഓരോ തീർഥാടകനിൽ നിന്നും അഞ്ചുരൂപ ഫീസ് ഈടാക്കും. താത്പര്യമുള്ളവർ നൽകിയാൽ മതി. ഈ തുക പ്രത്യേക അക്കൗണ്ടായി പിൽഗ്രിം വെൽഫയർ ഫണ്ടിലേക്ക് മാറ്റും. മലകയറുന്നതിനിടെ മരിക്കുന്ന തീർഥാടകർക്ക് മൂന്നുലക്ഷം രൂപ വീതം നൽകാനാണിത്.

നവംബർ പകുതിയോടെ തുടങ്ങുന്ന തീർഥാടനത്തിന് ബഫർ സ്റ്റോക്കായി 65 ലക്ഷം ടിൻ അരവണ തയ്യാറാക്കും. നിലയ്ക്കലിൽ 20 പാർക്കിങ് ഗ്രൗണ്ട് ഒരുക്കും. പമ്പ ചക്കുപാലം ഒന്നിലെ മണൽ നീക്കും. ഇവിടെയും ഹിൽടോപ്പിലുമായി 2500 ചെറിയ വാഹനങ്ങൾ പാർക്കുചെയ്യാം. മരക്കൂട്ടം മുതലുള്ള 18 ക്യൂ കോംപ്ലക്സുകൾക്കു മുന്നിൽ പന്തൽകെട്ടി തിരക്ക് നിയന്ത്രിക്കും. ശരംകുത്തിമുതൽ ബാരിക്കേഡിനു സമീപം ഇരിപ്പിടം, ചന്ദ്രാനന്ദൻ റോഡിൽ കൂടുതൽ കസേരകൾ, പമ്പയിൽ 10 പന്തൽ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുന്നത്.

Previous Post Next Post