ന്യൂഡൽഹി :- രാജ്യത്ത് കാട്ടാനകളുടെ എണ്ണത്തിൽ കഴിഞ്ഞ 8 വർഷത്തിനുള്ളിൽ 18% കുറവുണ്ടായി. ഡിഎൻഎ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ ആദ്യ ആന സെൻസസിലാണ് കണ്ടെത്തൽ. സർവേയിൽ രാജ്യത്തെ കാട്ടാനകളുടെ എണ്ണം 18,255 നും 26,645 നും ഇടയിലാണെന്ന് കാണിക്കുന്നു, ശരാശരി കണക്ക് 22,446 ആണ്. 2017 ൽ 27,312 കാട്ടാനകളെ സർവേയിൽ കണ്ടെത്തിയിരുന്നു. കർണാടകയിലാണ് രാജ്യത്ത് ഏറ്റവും അധികം കാട്ടാനകളുള്ളത്, 6013 എണ്ണം. രണ്ടാം സ്‌ഥാനത്തുള്ള അസമിൽ 4159 ആനകളുണ്ട്. ലിസ്‌റ്റിൽ നാലാമതായ കേരളത്തിൽ 2785 കാട്ടാനകളുണ്ടെന്നാണ് പുതിയ കണക്ക്. 2024 ൽ സംസ്‌ഥാന വനംവകുപ്പിൻ്റെ സർവേ പ്രകാരം 1,920 കാട്ടാനകളാണു കേരളത്തിലെ കാടുകളിലുണ്ടായിരുന്നത്.
പശ്ചിമഘട്ടത്തിലാകെ 11,934 ആനകളുടെ സാന്നിധ്യം സ്‌ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ വനമേഖലകളിൽ 7,463 കിലോമീറ്റർ നീളത്തിൽ 1,522 ആനത്താരകളും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരെ തിരിച്ചറിയുന്നതിനു സമാനമായ ഡിഎൻഎ സാംപ്ലിങ് രീതിയിലാണ് കാട്ടാനകളെക്കുറിച്ചുള്ള പഠനം നടത്തിയത്. ആനപ്പിണ്ടത്തിന്റെ സാംപിളുകൾ ശേഖരിച്ചാണ് ആനകളെ വേർതിരിച്ചത്. ഇന്ത്യയിലുടനീളമുള്ള ആനകളുടെ ആവാസ വ്യവസ്ഥകളിൽ 6.7 ലക്ഷം കിലോമീറ്റർ സഞ്ചരിച്ച് 21,056 സാംപിളുകൾ ശേഖരിച്ച് ഡിഎൻഎ പ്രൊഫൈലിങ് നടത്തിയതായി വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂ ട്ട് ഓഫ് ഇന്ത്യ അറിയിച്ചു. 2021 ൽ സർവേ ആരംഭിച്ച് 4 വർഷത്തിന് ശേഷമാണ് റിപ്പോർട്ട് കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം ഇന്നലെ പുറത്തിറക്കിയത്.