മയ്യഴി :- മാഹി സെയ്ൻറ് തെരേസാ ബസിലിക്കയിൽ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാളിൻ്റെ പത്താം നാളായ ഒക്ടോബർ 14-ന് തിരുനാൾ ജാഗരവും ഒക്ടോബർ 15-ന് പ്രധാന തിരുനാളും കൊണ്ടാടും. തിരുനാൾ ജാഗര ത്തിൽ വൈകുന്നേരം 5.30-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് കോഴിക്കോട് അതിരൂപതാ വികാരി ജനറൽ ജെൻസൻ പുത്തൻ വീട്ടിൽ കാർമികത്വം വഹിക്കും. തുടർന്ന് അലങ്കരിച്ച തേരിൽ അമ്മ ത്രേസ്യായുടെ അദ്ഭുത തിരുസ്വരൂപവും വഹിച്ച് ആയിരങ്ങൾ പങ്കെടുക്കുന്ന നഗരപ്രദക്ഷിണം നടക്കും.
തിരുനാൾദിനത്തിൽ ഒക്ടോബർ 15-ന് പുലർച്ചെ ഒന്ന് മുതൽ ആറ് വരെ ശയനപ്രദക്ഷിണം (ഉരുൾ നേർച്ച) നടക്കും. രാവിലെ 10.30-ന് കോഴിക്കോട് അതിരൂപതാ മെത്രാപ്പോലീത്ത ഡോ. വർഗീസ് ചക്കാലക്കലിന്റെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലിയും വൈകുന്നേരം അഞ്ചിന് ബിഷപ്പിൻ്റെ അധ്യക്ഷതയിൽ സ്നേഹസംഗമവും നടക്കും. രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 16-ന് വൈകുന്നേരം ആറിന് കൊങ്കണിയിൽ ആഘോഷമായ ദിവ്യബലി ഉണ്ടാവും.
ഒക്ടോബർ 19-ന് ഞായർ രാവിലെ 7 മണി മുതൽ തുടർച്ചയായി ദിവ്യബലികൾ അർപ്പിക്കും. വൈകുന്നേരം ആറിന് തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ കാർമികത്വത്തിൽ സിറോ മലബാർ റീത്തിൽ ആഘോഷമായ ദിവ്യബലി നടക്കും. തിരുനാൾ സമാപനദിനമായ ഒക്ടോബർ 22-ന് രാവിലെ 10.30-ന് കണ്ണൂർ രൂപതാ സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരിയുടെ കാർമികത്വത്തിൽ ആഘോഷമായ ദിവ്യബലി അർപ്പിക്കും. ദേവാലയത്തിനകത്ത് പ്രതിഷ്ഠിച്ച വിശുദ്ധയുടെ അത്ഭുത തിരുസ്വരൂപം ഉച്ചകഴിഞ്ഞ് രഹസ്യ അറയിലേക്ക് മാറ്റുന്നതോടെ തിരുനാൾ സമാപിക്കും.