പരിക്കേറ്റ് പിടയുന്ന പക്ഷിക്കുഞ്ഞുമായി ആശുപത്രിയിലെത്തി നാലാം ക്ലാസുകാരൻ ; ജനിത്തിനെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി


ഉളിക്കൽ :- കളിക്കാൻ പോയ സ്ഥലത്ത് പരിക്കേറ്റ് പിടയുന്ന പക്ഷിക്കുഞ്ഞിനെ കണ്ടപ്പോൾ പരിക്കളം ശാരദാവിലാസം എ.യു.പി സ്കൂളിലെ നാലാം ക്ലാസുകാരൻ ജെനിത്തിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. പക്ഷിക്കുഞ്ഞിനെ എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ജെനിത്ത് ആസ്പത്രിയിലേക്കോടി. പക്ഷിയെ കൈയിലെടുത്ത് വെള്ളം കൊടുത്തതിനുശേഷം ജനിത്തും സൃഹൃത്ത് ശ്രാവണും കൂടിയാണ് സൈക്കിളിൽ ഒരു കിലോമീറ്റർ അകലെയുള്ള പരിക്കളത്തെ ഹോമിയോ ആസ്പത്രിയിലെത്തിയത്. ഡോ. ജെസ്റ്റീന പക്ഷിക്കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നഴ്‌സറി ടീച്ചർ രമ്യയാണ് ജനിത്ത് പക്ഷിക്കുഞ്ഞുമായി നിൽക്കുന്ന ഫോട്ടോയെടുത്തത്. ജനിത്ത് ചെയ്തത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വി.ശിവൻകുട്ടി ഫോട്ടോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തു.

'പ്രിയ ജനിത്തിന് ഹൃദയം നിറഞ്ഞ സ്നേഹാഭിനന്ദനങ്ങൾ. മോനെയോർത്ത് ഞങ്ങൾക്കെല്ലാം അഭിമാനമുണ്ട്. നന്മയും സഹാനുഭൂതിയുമുള്ള ഒരു തലമുറ ഇവിടെ പഠിച്ചുവളരുന്നു എന്നതിൽ നമുക്കേവർക്കും സന്തോഷിക്കാം'- വിദ്യാഭ്യാസ മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. അധ്യാപകക്കൂട്ടം ഫെയ്സ്ബുക്ക് പേജിലും ഇടംപിടിച്ചു. പരിക്കളം ശാരദാവിലാസം എയുപി സ്കൂളിൽ ചേർന്ന അസംബ്ലിയിൽ ജനിത്തിനെ അഭിനന്ദിച്ചു. പ്രഥമാധ്യാപകൻ കെ.കെ സുരേഷ്കുമാർ ജനിത്തിന് സമ്മാനം നൽകി. പൊയ്യൂർക്കരിയിലെ പ്രായമായ അമ്മമ്മ കാർത്യായനിയുടെ സംരക്ഷണയിലാണ് ജനിത്ത് കഴിയുന്നത്. സാമ്പത്തിക പ്രയാസം കാരണം ഇവരുടെ വീടുപണി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.

Previous Post Next Post