തിരുവനന്തപുരം :- സംസ്ഥാനത്തെ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിക്കാനായി നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി ആരോഗ്യ വകുപ്പിന് അടിയന്തര റിപ്പോർട്ട് കൈമാറി. സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫീസർ, ഐഎപി സംസ്ഥാന പ്രസിഡൻ്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാർഗരേഖ പുറത്തിറക്കുന്നതാണ്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തെ തുടർന്നാണ് വിദഗ്ധ സമിതി രൂപീകരിച്ചത്.
കഫ് സിറപ്പ് ഉപയോഗിക്കുന്നതിൽ കേരളം നിബന്ധനകൾ കർശനമാക്കി. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയില്ലാതെ 12 വയസിന് താഴെയുള്ള കുട്ടികൾക്ക് മരുന്ന് നൽകരുതെന്നാണ് നിർദേശം. ഡോക്ടറുടെ പഴയ കുറിപ്പടി വെച്ചും കുട്ടികൾക്കുള്ള മരുന്ന് നൽകരുതെന്നാണ് നിർദേശം. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകിയിട്ടുണ്ട്.