കണ്ണൂർ :- ഗോവയിലെ അഗസ്സൈമിൽ ബുധനാഴ്‌ച പുലർച്ചെ ഒന്നോടെയുണ്ടായ ബൈക്ക് അപകടത്തിൽ മലയാളികളായ രണ്ട് അഗ്നിവീർ നാവികസേനാംഗങ്ങൾ മരിച്ചു. കണ്ണൂർ സ്വദേശി വിഷ്‌ണു (21), ശൂരനാട് വടക്ക് നടുവിലെമുറി അനിഴം വീട്ടിൽ പ്രസന്നകുമാറിൻ്റെ മകൻ ഹരിഗോവിന്ദ് (22) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്തുനിന്നു ഗോവയിൽ സ്പെഷ്യൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇരുവരും ജോലികഴിഞ്ഞ് ബേസ് ക്യാമ്ബിലേക്ക് മടങ്ങുന്നതിനിടയിൽ അഗസയിമിനും, ബാംബോലിം ഹോളിക്രോസ് പള്ളിക്കും ഇടയിലായിരുന്നു അപകടം.
ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് പാതയോരത്തെ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞാണ് അപകടമെന്നാണ് ലഭിച്ച വിവരം. ചൊവ്വാഴ്ചയാണ് ഹരിയുൾപ്പെടെയുള്ള സേനാംഗങ്ങൾ നാവികസേനയുടെ കപ്പൽമാർഗം ഗോവയിലെത്തിയത്. നാലുവർഷത്തെ അഗ്‌നിവീർ സേവനത്തിൻ്റെ മൂന്നാംവർഷത്തിലായിരുന്നു ഇവർ. മൃതദേഹം ഗോവ മെഡിക്കൽ കോളജ് (ജിഎംസി) ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്‌ച രാവിലെ നേവി ഉദ്യോഗസ്ഥർ മോർച്ചറിയിലെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.
