ശബരിമലയിലെ സ്വർണ്ണക്കൊള്ള: ദേവസ്വം കമ്മീഷണറുടെ പരാതിയിൽ ഇന്ന് കേസെടുക്കും


തിരുവനന്തപുരം :- ശബരിമല സ്വർണ്ണക്കൊള്ളയിൽ ഇന്ന് കേസ് രജിസ്റ്റർ ചെയ്യും. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തോ പമ്പയിലോ കേസെടുക്കും. ദേവസ്വം കമ്മീഷണർ സുനിൽകുമാർ നൽകിയ പരാതിയിലാണ് കേസെടുക്കുക. കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങൾ ചുമത്തും. ഉണ്ണികൃഷ്ണൻപോറ്റിയും സഹായികളും 9 ഉദ്യോഗസ്ഥരും പ്രതികളാകും.

അതിനിടെ സ്വർണപാളികൾ കൈമാറ്റം ചെയ്തതിലും ചട്ടലംഘനം നടന്നുവെന്ന് വ്യക്തമായി. ദ്വാരപാലക ശിൽപ്പത്തിന്‍റെ പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയല്ല. 2019 ജൂലൈ 19, 20 തീയതികളിലായാണ് പാളികൾ കൈമാറിയത്. രമേശ് റാവു, അനന്തസുബ്രമണ്യം എന്നിവരാണ് മഹസ്സറിൽ ഒപ്പിട്ടത്. ഉണ്ണികൃഷ്ണൻ ചുമതലപ്പെടുത്തിയ സഹായികളാണിവർ. ഉദ്യോഗസ്ഥ കൂട്ടുകെട്ടും ചട്ടലംഘനവും നടന്നെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്വർണ പാളികൾ പല സംസ്ഥാനങ്ങളിൽ കൊണ്ടുപോയെന്നും സ്ഥിരീകരിച്ചു. ബെംഗളൂരുവിലെത്തിച്ച പാളികൾ 10 ദിവസത്തിന് ശേഷം ഹൈദരാബാദിലേക്ക് കൊണ്ടുപോയി.

അതിനിടെ ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ മലകയറി 11ന് സന്നിധാനത്തെ സ്ട്രോങ് റൂമിൽ പരിശോധന നടത്തും. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ നാളെ പരിശോധിക്കും. തിങ്കളാഴ്ച ആറന്മുളയെത്തി ശബരിമലയിലെ പ്രധാന സ്ട്രോങ് റൂം പരിശോധിക്കും. അതിനിടെ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളിൽ ഇന്നും പ്രതിഷേധം തുടരും. ദേവസ്വം മന്ത്രി വിഎൻ വാസവന്‍റെ വീട്ടിലേക്ക് ബിജെപി മാർച്ച് നടത്തും.

Previous Post Next Post