പത്തനംതിട്ട :- തുലാംമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ടോടെയാണ് ശബരിമല നട തുറന്നത്. ശബരിമലയിലെ സ്വർണക്കൊള്ള വിവാദങ്ങൾക്കിടെയാണ് മാസ പൂജയ്ക്കായി ശബരിമല നട തുറന്നത്. ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് അടക്കമുള്ളവർ സന്നിധാനത്ത് എത്തിയിട്ടുണ്ട്. അറ്റകുറ്റപണിക്കുശേഷം ചെന്നൈയിൽ നിന്നും എത്തിച്ച ദ്വാരപാലക ശിൽപ്പങ്ങളുടെ സ്വർണപ്പാളികൾ പുനസ്ഥാപിച്ചു. സാധാരണയായി അഞ്ചുമണിക്ക് തുറക്കുന്ന നട ഇന്ന് നാലുമണിക്ക് തന്നെ തുറക്കുകയായിരുന്നു. സ്വർണപ്പാളികൾ ഘടിപ്പിക്കുന്നതിനായാണ് നട നേരത്തെ തുറന്നത്.
നടതുറന്നശേഷം സ്വർണപ്പാളികൾ ശബരിമല ശ്രീകോവിലിൻ്റെ മുന്നിൽ ഇരുവശങ്ങളിലുമായുള്ള ദ്വാരപാലക ശിൽപ്പത്തിലാണ് സ്വർണപ്പാളികൾ ഘടിപ്പിച്ചത്. ആദ്യം വലതുവശത്തെ ശിൽപ്പത്തിലെ പാളികളാണ് ഉറപ്പിച്ചത്. ഇതിനുശേഷം ഇടതുവശത്തെ ദ്വാരപാലക ശിൽപ്പത്തിലും സ്വർണപ്പാളികൾ ഘടിപ്പിച്ചു. സ്വർണം പൂശിയ സ്വർണപ്പാളികളാണ് പുനസ്ഥാപിച്ചത്. രണ്ടു ദ്വാരപാലക ശിൽപ്പങ്ങളിലുമായി 14 സ്വർണപ്പാളികളാണ് പുനസ്ഥാപിച്ചത്. സ്വർണപ്പാളികൾ ഘടിപ്പിക്കുന്നതിനിടെയും ഭക്തർ അയ്യപ്പ * ദർശനം നടത്തി. ശബരിമല, മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് നാളെ നടക്കും.