മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്തിലെ കണ്ടക്കൈ പറമ്പ് ശാന്തിവനത്തിൽ നിർമിച്ച വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. മാലിന്യമുക്ത കേരളം എന്ന ലക്ഷ്യത്തിന് ആധുനിക ശ്മശാനങ്ങൾ അവിഭാജ്യ ഘടകമാണെന്ന് മന്ത്രി പറഞ്ഞു. മാലിന്യമുക്ത കേരളത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബോട്ടിൽ ബൂത്തുകളും മറ്റ് മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എങ്കിലും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ധനകാര്യ കമ്മീഷൻ ഗ്രാന്റും പഞ്ചായത്തിന്റെ വിവിധ സാമ്പത്തിക വർഷങ്ങളിലെ തനതു ഫണ്ടും ഉപയോഗിച്ച് 80,17,500 രൂപ വകയിരുത്തിയാണ് വാതക ശ്മശാനം നിർമിച്ചത്. മലിനീകരണ തോത് വളരെ കുറഞ്ഞ സംവിധാനമാണ് ശ്മശാനത്തിലുള്ളത്. ടൈൽ പാകിയ ക്രിമറ്റോറിയം ഹാൾ, ചുറ്റുമതിൽ, റാംപ്, മുറ്റത്ത് ഇന്റർലോക്ക്, മാലിന്യ സംസ്‌കരണ സംവിധാനം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി പൂർത്തിയായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അധ്യക്ഷയായി. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത, വൈസ് പ്രസിഡന്റ് എ.ടി രാമചന്ദ്രൻ, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ.വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.പി രേഷ്മ, ബ്ലോക്ക് പഞ്ചായത്തംഗം എം.വി ഓമന, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി പ്രീത, എം ഭരതൻ, വി.വി അനിത, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.കെ സോമശേഖരൻ, സി ഡി എസ് ചെയർപേഴ്സൺ വി.പി രതി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കാർത്തിക കൃഷ്ണൻ, അസിസ്റ്റന്റ് എഞ്ചിനീയർ എം.ഡി ദിവ്യ രാജ്, വിവിധ രാഷ്ട്രീയ കക്ഷി, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
