തിരുവനന്തപുരം :- കനത്ത മഴയെ തുടർന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടി ഇക്കോ ടൂറിസം അടച്ചു. ഇന്ന് മുതൽ (24.10.2025) ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടുന്നതായി തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. സഞ്ചാരികളുടെ സുരക്ഷയും അപകട സാധ്യതകളും കണക്കിലെടുത്താണ് തീരുമാനം. തലസ്ഥാന നഗരത്തിലും മലയോര മേഖലയിലുമെല്ലാം ശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിൽ പെയ്തത്. ഇന്ന് പുലർച്ചെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴ തുടരുകയുമാണ്. സാധാരണയായി രാവിലെ 8 മണി മുതൽ വൈകുന്നരേം 4 മണി വരെയാണ് പൊന്മുടിയിലേയ്ക്ക് പ്രവേശനം അനുവദിക്കാറുള്ളത്. മഴ ശക്തമായി കഴിഞ്ഞാൽ പോകുന്ന വഴിയിൽ മണ്ണിടിയാനും ഗതാഗതക്കുരുക്ക് ഉണ്ടാകാനുമുള്ള സാധ്യതയുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് പൊന്മുടിയിലേയ്ക്കുള്ള പ്രവേശനം താത്ക്കാലികമായി നിർത്തി വെയ്ക്കുന്നതായി വനം വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദവും തെക്കൻ കർണാടകയ്ക്ക് മുകളിൽ ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നുണ്ട്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടേക്കുമെന്നാണ് മുന്നറിയിപ്പ്.
