തിരുവനന്തപുരം :- സ്കൂൾ സ്കോളർഷിപ്പ് പരീക്ഷകളുടെ സർട്ടിഫിക്കറ്റുകൾ ജേതാക്കൾക്കിനി ഓൺലൈനിൽ ലഭിക്കും. എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് സർട്ടിഫിക്കറ്റുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ ഹിച്ചു. പ്രഥമാധ്യാപകരുടെ ലോഗിൻ വഴി സർട്ടിഫിക്കറ്റുകൾ ഡൗൺലോഡു ചെയ്യാനാണ് ക്രമീകരണം. ഇതുവഴി സർട്ടിഫിക്കറ്റുകളുടെ കാലതാമസം ഒഴിവാക്കാമെന്ന് അധികൃതർ പറഞ്ഞു.
വിദ്യാർഥികൾക്ക് വഴികാട്ടാൻ യുനിസെഫ് സഹായത്തോടെ 'കരിയർ പ്രയാണം' പോർട്ടൽ
സ്കൂൾ വിദ്യാർഥികൾക്ക് ഉപരിപഠനം, തൊഴിലവസരങ്ങൾ, മത്സരപ്പരീക്ഷകൾ തുടങ്ങിയവയെക്കുറിച്ച് സമഗ്രവിവരങ്ങളുമായി യുനിസെഫുമായി സഹകരിച്ച് പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാക്കിയ 'കരിയർ പ്രയാണം' പോർട്ടൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഹയർസെക്കൻഡറി വിഭാഗത്തിലെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലും കൈറ്റും സംയുക്തമായി സജ്ജമാക്കിയതാണ് പോർട്ടൽ. എസ്എസ്എൽസി, പ്ലസ്ടു വിദ്യാർഥികൾക്കു വേണ്ടിയുള്ള ഈ പോർട്ടലിൽ 400 കരിയറുകൾ, 900 സ്ഥാപനങ്ങൾ, ആയിരത്തിലേറെ തൊഴിൽദാതാക്കൾ തുടങ്ങിയ വിവരങ്ങൾ ലഭിക്കും.
