ന്യൂഡൽഹി :-ദേശീയഗീതമായ 'വന്ദേമാതര'ത്തിന്റെ 150-ാം വാർഷികാഘോഷത്തിന് ഇന്നു തുടക്കം. ഒരു വർഷ പരിപാടികൾക്കു തുടക്കം കുറിച്ച് രാജ്യത്തെ 150 കേന്ദ്രങ്ങളിൽ വന്ദേ മാതര സംഘാലാപനമുണ്ട്. കാർഗിൽ യുദ്ധ സ്‌മാരകം മുതൽ ആൻഡമാൻ-നിക്കോബാർ സെല്ലുലാർ ജയിൽ വരെ വന്ദേ മാതര ആലാപന വേദിയാകും.
ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചന, വന്ദേ മാതര സംഘാലാപനത്തിനു പുറമേ സ്മരണിക സ്റ്റാമ്പ്, നാണയ പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം, വന്ദേ മാതരത്തിൻ്റെ 150 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കിയുള്ള പ്രദർശനം, വയലിൻ മാന്ത്രികൻ ഡോ. മഞ്ജുനാഥ് മൈസൂർ നയിക്കുന്ന സംഗീത പരിപാടി എന്നിവയുമുണ്ടാകും. ദേശീയതല ഉദ്ഘാടനത്തോടനുബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു കീഴിലെ എല്ലാ ഓഫീസുകളിലും വന്ദേ മാതരം സംഘാലാപനമുണ്ട്.
പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിൻ്റെ തത്സമയ സംപ്രേഷണം കാണാനുള്ള ക്രമീകരണമൊരുക്കും. ബ്രിട്ടീഷ് ഭരണത്തിൽ നിന്നു ഭാരതത്തെ മോചിപ്പിക്കാനുള്ള മന്ത്രമായി ഉയർന്നുവന്ന വന്ദേ മാതരം 1875 നവംബർ ഏഴിന് അക്ഷയ നവമി ദിനത്തിലാണ് ബങ്കിംചന്ദ്ര ചാറ്റർജി രചിച്ചത്. 2026 നവം. ഏഴു വരെ ഒരു വർഷം നീളുന്ന പരിപാടികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി സംഘടിപ്പിക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ ഇന്നു മുതൽ 26 വരെ വന്ദേ മാതരം 150-ാം വാർഷികാഘോഷം സംഘടിപ്പിക്കുമെന്നു ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് അറിയിച്ചു. വന്ദേ മാതര സംഘാലാപനങ്ങൾ, ഘോഷ യാത്രകൾ, സാംസ്കാരിക പരിപാടികൾ എന്നിവയുണ്ടാകും. സ്‌കൂളുകൾ, കോളജുകൾ, സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചും പരിപാടികളുണ്ട്. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട വിവിധ രചനാ മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. എന്നും പ്രചോദനമായ വന്ദേ മാതരത്തിന്റെ 150-ാം വാർഷികാഘോഷം അവിസ്മരണീയമാക്കണമെന്ന് മൻ കി ബാത്ത് 127-ാം പതിപ്പിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
