ന്യൂഡൽഹി :- വിമാനടിക്കറ്റ് ബുക്ക് ചെയ്ത് ഇനി 48 മണിക്കൂർ വരെ അധിക ചാർജ് നൽകാതെ റദ്ദാക്കാനും തീയതി മാറ്റിയെടുക്കാനും അവസരമൊരുങ്ങുന്നു. നിലവിൽ 24 മണിക്കൂർ വരെ മാത്രമാണ് 'ലുക്-ഇൻ ഓപ്ഷൻ' എന്നറിയപ്പെടുന്ന ഈ സൗകര്യമുണ്ടായിരുന്നത്. തീരുമാനം ഉപഭോക്തൃസൗഹൃദമെങ്കിലും ഈ ഇളവ് എയർലൈൻ കമ്പനിയുടെ വെബ്സൈറ്റിലൂടെ മാത്രം നേരിട്ട് ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമായും പരിമിതപ്പെടുത്തും. ഫലത്തിൽ മറ്റ് ബുക്കിങ് സൈറ്റുകൾ വഴിയെടുക്കുന്ന ടിക്കറ്റുകൾക്ക് ഈ സൗകര്യം ലഭിക്കണമെന്ന് നിർബന്ധമില്ല. ഇതുസംബന്ധിച്ച കരടുവ്യവസ്‌ഥ പൊതുജനാഭിപ്രായത്തിനായി വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ (ഡിജിസിഎ) പ്രസിദ്ധീകരിച്ചു.
നിലവിലെ ചട്ടത്തിൽ ബുക്കിങ് ഏതുതരത്തിലാണെന്ന് നിഷ്കർഷിച്ചിട്ടില്ല. ബുക്കിങ് തീയതി കഴിഞ്ഞ് 7 ദിവസം വരെയുള്ള ഫ്ലൈറ്റുകൾക്ക് ലുക്-ഇൻ ഓപ്ഷൻ നിലവിൽ ലഭ്യമല്ല. ഇതിലും ഡിജിസിഎ മാറ്റം കൊണ്ടുവരികയാണ്. ആഭ്യന്തര സർവീസുകളെങ്കിൽ ബുക്കിങ് ദിവസം മുതൽ 5 ദിവസം വരെയും രാജ്യാന്തര സർവീസുകളെങ്കിൽ 15 ദിവസം വരെയുമുള്ള യാത്രകളെങ്കിൽ സൗജന്യ റദ്ദാക്കലോ മാറ്റിയെടുക്കൽ സൗകര്യമോ ലഭിക്കില്ല. ടിക്കറ്റ് മാറ്റിയെടുക്കുകയാണെങ്കിൽ, പുതിയ വിമാനനിരക്ക് കൂടുതലാണെങ്കിൽ അധികമായുള്ള തുക അടയ്ക്കേണ്ടി വരുമെന്ന വ്യവസ്‌ഥയിൽ മാറ്റമില്ല.
